ചെന്നൈ: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പുറത്തുവന്നു. നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് നവവധുവിന് ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും നല്‍കുന്ന പദ്ധതിയാണ്. ഒപ്പം, തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാം മോതിരം നല്‍കുന്ന പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നവവധുവിന് ഒരു പവന്‍ സ്വര്‍ണം നല്‍കുന്ന പദ്ധതിക്കായി 812 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി മാരി വില്‍സണ്‍ വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള മോതിരം പദ്ധതിക്കായി 560 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. ഇതിനുപുറമെ, കോളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും നല്‍കുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ലാപ്‌ടോപ്പ് പദ്ധതിക്കായി 2,000 കോടി രൂപയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പദ്ധതിക്കായി ഏകദേശം 700 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. തമിഴ്‌നാടിന്റെ സമ്പദ്‌വ്യവസ്ഥയെ വന്‍ വളര്‍ച്ചയിലേക്ക് നയിക്കുമെന്ന ലക്ഷ്യമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്.
2036നകം തമിഴ്‌നാടിനെ 1.5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് പ്രധാന ലക്ഷ്യം. ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ ചൂടേറിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലാണ് തമിഴ്‌നാട്ടില്‍ ഈ നിര്‍ണായക ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനം. തമിഴ്നാട് ബജറ്റവതരണത്തിനിടെ ധനമന്ത്രി എൻ. മരിയ വിൽസണാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് കേരളം നിരന്തരം ആശങ്കകൾ പങ്കുവെക്കുന്നതിനിടയിലാണ് തമിഴ്‌നാടിന്റെ ഭാഗത്തുനിന്നും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്താൻ സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും, സുരക്ഷാ മുൻകരുതലുകളുടെയും കേരളത്തിന്റെ ശക്തമായ നിലപാടിന്റെയും പശ്ചാത്തലത്തിൽ ഇത് 136 അടിയായി നിലനിർത്തിയിരിക്കുകയായിരുന്നു.
