Site icon Fourteen Kerala – 14 Kerala News

കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


വയനാട്: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ എന്നിവ നടത്തുന്ന സ്ഥാപനങ്ങളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ, കുട്ടികൾ ക്യാമ്പസിൽ താമസിച്ചു പഠിക്കുന്ന റെസിഡൻഷ്യൽ സ്കൂളുകൾക്കും റെസിഡൻഷ്യൽ കോളേജുകൾക്കും സാധാരണപോലെ പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.അത്യാവശ്യ സാഹചര്യങ്ങളിൽ അല്ലാത്തുള്ള ചുരത്തിലൂടെയുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. യാത്രാവേളകളിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

അതേസമയം സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. അടുത്ത നാല് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ റെഡ് അലേർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മലപ്പുറം, തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കണക്കുകൂട്ടൽ. യെല്ലോ അലേർട്ട് ബാധകമായ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായേക്കാവുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Exit mobile version