Site icon Fourteen Kerala – 14 Kerala News

ജോലിക്കിടെ മലയാളി യുവാവ് യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ് പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവ് മരിച്ചു. ചന്ദനപ്പള്ളി കുറ്റിവടക്കേതിൽ പുത്തൻകാവിൽ കെ. കോശിയുടെയും ഹിൽഡാ കോശിയുടെയും മകൻ ലെസ്ലി കെ. ജോൺ 39 ആണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്.

കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ ജോലി സ്ഥലത്ത് വച്ചായിരുന്നു സംഭവം. യുകെയിലെ കെല്ലി കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിലെ പ്രൊക്യുർമെന്റ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു ലെസ്ലി. ജോലിക്കിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻതന്നെ സഹപ്രവർത്തകർ ആംബുലൻസിന് വിവരം നൽകുകയും പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ എല്ലാ ശ്രമങ്ങളും വിഫലമായി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അഞ്ച് വർഷം മുൻപാണ് ഭാര്യ സുനിഷയ്ക്കും കുടുംബത്തിനുമൊപ്പം ലെസ്ലി യുകെയിലേക്ക് പോയത്. ലണ്ടനിലെ വെംബ്ലിയിലായിരുന്നു താമസം. കഠിനാധ്വാനിയും സൗമ്യനുമായ വ്യക്തിത്വം കൊണ്ട് സഹപ്രവർത്തകർക്കിടയിലും നല്ല മതിപ്പ് നേടിയിരുന്നു.ലെസ്ലിയുടെ മൃതദേഹം ഹാരോയിലെ നോർത്ത്‌വിക് പാർക്ക് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.യുകെയിലെ നിയമപരവും നയതന്ത്രപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. നാട്ടിൽ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗങ്ങളാണ് കുടുംബം. മൃതദേഹം എത്തിച്ച ശേഷം നാട്ടിൽ തന്നെ സംസ്കാരം നടത്തും.

പുതിയ ജീവിതം തേടി കുടുംബത്തോടൊപ്പം വിദേശത്തെത്തി അഞ്ച് വർഷം പോലും പൂർത്തിയാകുന്നതിന് മുൻപ് ഉണ്ടായ ഈ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.

Exit mobile version