ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ അധ്യാപികയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. സിക്രോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് അധ്യാപികയും ഫിറോസ്പൂർ കലാൻ സ്വദേശിനിയുമായ സന്ധ്യ കർഹാനയാണ് (30) ക്രൂരമായി കൊല്ലപ്പെട്ടത്.
ഭർത്താവും രണ്ട് മക്കളുമുള്ള സന്ധ്യയെ, 21കാരനായ അമിത് എന്ന പ്രതി കുറച്ചുനാളുകളായി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് പ്രതിയുടെ ജന്മനാടായ കോട്ട് ഗ്രാമത്തിലെ സ്വകാര്യ സ്കൂളിൽ സന്ധ്യ ജോലി ചെയ്തിരുന്നപ്പോഴാണ് ഇവർ പരിചയപ്പെട്ടത്. ശല്യം തുടർന്നാൽ പൊലീസിൽ പരാതിപ്പെടുമെന്ന് അധ്യാപിക അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ മുഖത്ത് വെള്ളത്തുണിയുമായെത്തിയ പ്രതി, സെക്യൂരിറ്റി ജീവനക്കാരനില്ലാത്ത തക്കം നോക്കി സ്കൂളിൽ പ്രവേശിച്ചു. സന്ധ്യയുടെ ഭർത്താവിന്റെ പേര് അറിയാമായിരുന്ന പ്രതി, ഭർത്താവ് കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞ് രണ്ട് വിദ്യാർത്ഥികളോടും ഒരു ജീവനക്കാരനോടും ആവശ്യപ്പെട്ട് അധ്യാപികയെ പുറത്തേക്ക് വിളിക്കുകയായിരുന്നു.
തുടർന്ന് ക്ലാസ്മുറിക്ക് പുറത്തേക്ക് വലിച്ചിഴച്ച പ്രതി, 300ലധികം വിദ്യാർഥികൾ നോക്കിനിൽക്കെ 40 സെക്കന്റിനുള്ളിൽ കഴുത്തിലും നെഞ്ചിലും വയറ്റിലും 25ലധികം തവണ കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതി ശരീരം സ്ട്രെച്ച് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, ഇതൊരു മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് വ്യക്തമാണെന്നും പൊലീസ് വക്താവ് യഷ്പാൽ യാദവ് അറിയിച്ചു.
നിലവിളി കേട്ട് ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ സ്കൂൾ ഡയറക്ടർ തേജ്പാൽ ശർമ്മ തടയാൻ ശ്രമിച്ചെങ്കിലും അക്രമി അദ്ദേഹത്തെയും ആക്രമിക്കാൻ മുതിർന്നു. കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതി അമിത്തിനെ രണ്ട് മണിക്കൂറിനുള്ളിൽ ചോരപുരണ്ട വസ്ത്രങ്ങളോടെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
