കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുളയിൽ അടക്കം വേഗത്തിൽ വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പത്തനംതിട്ടയിൽ എത്താൻ വൈകിയിട്ടില്ലെന്നും തലസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചതെന്നും മന്ത്രി പറഞ്ഞു. അവിടെ ചുമതലയുള്ള മന്ത്രിമാർ പ്രവർത്തിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ഇൻവസ്റ്ററെ കാണാനാണ് വന്നത് എന്ന ചോദ്യത്തോട് സണ്ണി ജോസഫ് പ്രതികരിക്കാൻ തയാറായിട്ടില്ല. അതേസമയം പത്തനംതിട്ടയിലെ വെള്ളപ്പൊക്ക ബാധിത മേഖലകൾ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് സന്ദർശിക്കും. പന്ത്രണ്ട് മണിയോടെ ആറന്മുളയിലെത്തുന്ന മുഖ്യമന്ത്രി, റാന്നി ഉൾപ്പെടെയുള്ള മേഖകളിൽ സന്ദർശനം നടത്തും. ഇത്രയും നാൾ മുഖ്യമന്ത്രി എവിടെയായിരുന്നുവെന്നാണ് സിപിഐഎം നേതാക്കളുടെ ചോദ്യം. പ്രതിരോധ പ്രവർത്തനങ്ങളിൽ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും നേതാക്കൾ ആരോപിച്ചു.
ആറന്മുള, റാന്നി, ചെങ്ങന്നൂർ, അപ്പർ കുട്ടനാട് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷമാണ്. വെള്ളമിറങ്ങാത്തതിനാൽ ഇവിടങ്ങളിൽ ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. ആലപ്പുഴ-ചങ്ങനാശേരി AC റോഡിലും, കോട്ടയം MC റോഡിൽ നാഗമ്പടം ഭാഗത്തും വെള്ളം കയറി. ചെങ്ങന്നൂരിൽ മിത്രമഠം പാലത്തിന് സമീപം യുവാവ് വെള്ളക്കെട്ടിൽ വീണ് മരിച്ചു. കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.
