കൊച്ചി: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപമുള്ള പ്രമുഖ സൗത്ത് സ്റ്റാർ അപ്പാർട്ട്‌മെന്റിൽ ഇന്ന് പുലർച്ചെ 4.15-ഓടെയാണ് അതീവ ഗൗരവകരമായ ഈ അതിക്രമം അരങ്ങേറിയത്.
അഞ്ച് പെൺകുട്ടികൾ ഒന്നിച്ച് താമസിച്ചിരുന്ന ഫ്ലാറ്റിനുള്ളിലേക്ക് അക്രമി അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.സംഭവത്തെ തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു അപ്പാർട്ട്മെന്റിൽ പുലർച്ചെ ഇത്തരത്തിലൊരു അതിക്രമം നടന്നിരിക്കുന്നത് പ്രദേശവാസികളിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഫ്ലാറ്റുകളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും രാത്രികാല പെട്രോളിംഗിനെക്കുറിച്ചും ശക്തമായ ചോദ്യങ്ങൾ ഉയരുന്ന ഈ സംഭവത്തിൽ പ്രതിക്കായിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.
