മലപ്പുറം: തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു. അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്.
ആലപ്പുഴയിൽ നിന്ന് മാതാവിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കുട്ടി തോട്ടിൽ വീഴുന്നത് കണ്ടെങ്കിലും സ്ലാബുകൾ കൊണ്ട് മൂടിയ തോട്ടിലൂടെ ഒഴുകിപ്പോയതിനാൽ പെട്ടെന്ന് രക്ഷപ്പെടുത്താൻ സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരനും ജീവന്‍ നഷ്ടമായിരുന്നു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ ഷിജു (11) ആണ് മരിച്ചത്. വീടിന് സമീപം ജല്‍ ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി കുഴിയെടുത്തതില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ വീണാണ് അപകടം ഉണ്ടായത്.
സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് താഴ്ന്ന് പോവുകയായിരുന്നുവെന്നാണ് വിവരം.മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരന്‍ ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു. മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദിന്റെ മകന്‍ ആദം ഐമന്‍ ആണ് മരിച്ചത്. തോട്ടില്‍ ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നിരുന്നു. മുതുവല്ലൂര്‍ സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയാണ് ആദം. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം നിലവില്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശന്‍ വിലയിരുത്തി.
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്യാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് സി പി ജോണും പത്തനംതിട്ടയില്‍ പി സി വിഷ്ണുനാഥും കോട്ടയത്ത് മോന്‍സ് ജോസഫും ഇടുക്കിയില്‍ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിര്‍വഹിക്കും.മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎല്‍എമാരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാനുള്ള നിര്‍ദേശവും നല്‍കി. രണ്ട് പേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്.
