തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കൂടാതെ, മലമ്പുഴയിലെ കവയിലും പ്രവേശനം പൂർണ്ണമായി വിലക്കിയിട്ടുണ്ട്. അതേസമയം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി. എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, നദിക്കരകളിലും മലയോര പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.അതേസമയം മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. തിരുവനന്തപുരം പൊൻമുടിയിലും പാലക്കാട് നെല്ലിയാമ്പതിയിലും ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.
കല്ലാർ – പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് സമീപമുള്ള ഇടിയകോവിലിനുമടുത്തും റോഡിലേക്ക് മണ്ണിടിഞ്ഞുവീണു. പുലർച്ചെയുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായതെന്നാണ് നിഗമനം. ഇതേത്തുടർന്ന് ഈ പാതയിൽ ഗതാടകം പൂർണ്ണമായി തടസ്സപ്പെട്ടിട്ടുണ്ട്. വിവരം അറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥരും വിതുരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
