Site icon Fourteen Kerala – 14 Kerala News

ഇൻസ്റ്റഗ്രാം വഴി പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടക വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; പ്രതിക്ക് 29 വർഷം കഠിനതടവ്

അ​ടൂ​ർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 29 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ഇരവിപേരൂർ വള്ളംകുളം നെടുംപ്രത്ത്മല ചണ്ണമല കോളാട്ടിൽ വീട്ടിൽ കാർത്തിക് ബിനുവിനെയാണ് (23) അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

29 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 1,16,000 രൂ​പ പി​ഴ​യുമാണ് പ്രതിക്ക് വി​ധി​ച്ച​ത്. 2025 ഫെബ്രുവരി 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട അതിജീവിതയെ പ്രതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരുവല്ല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സന്തോഷ് ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

കോടതിയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. സ്മിത ജോൺ ഹാജരായി. പ്രതി അടയ്ക്കുന്ന പിഴത്തുക പൂർണ്ണമായും അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

പോഷ്കൊ (POCSO) നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ ഗൗരവം അനുസരിച്ച് കടുത്ത ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Exit mobile version