Site icon Fourteen Kerala – 14 Kerala News

15-കാരൻ വൈഭവ് സൂര്യവംശിയെ വൈസ് ക്യാപ്റ്റനാക്കിയതിൽ വിമർശനവുമായി ഹർഷ ഭോഗ്ലെ

മുംബൈ: ദൂലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി കൗമാര താരം വൈഭവ് സൂര്യവംശിയെ തിരഞ്ഞെടുത്തതിനെ വിമർശിച്ച് കമന്റേറ്റർ ഹർഷ ഭോഗ്ലെ. റെഡ് ബോൾ ക്രിക്കറ്റിൽ വലിയ പരിചയമില്ലാത്ത വൈഭവിന് ഇത്രയും വലിയ ചുമതല നൽകിയതിന് പിന്നിലെ ലോജിക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.ഇഷാൻ കിഷൻ നയിക്കുന്ന ടീമിൽ മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരൻ തുടങ്ങിയ മുതിർന്ന താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

ടീമിൽ പരിചയസമ്പന്നരായ പ്രമുഖ കളിക്കാരുണ്ടായിട്ടും വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയതാണ് ഭോഗ്ലെയെ ചൊടിപ്പിച്ചത്. “വൈഭവിന്റെ കഴിവ് അസാധാരണമാണ്, അതിൽ സംശയമില്ല. പക്ഷേ റെഡ് ബോൾ ക്രിക്കറ്റിൽ അവൻ ഇനിയും ഏറെ പഠിക്കാനുണ്ട്.
ഇതുവരെ കളിച്ച 12 ഇന്നിങ്സുകളിൽ നിന്ന് 17.25 ശരാശരിയിൽ വെറും 207 റൺസ് മാത്രമാണ് അവൻ നേടിയിട്ടുള്ളത്. ഈ നിയമനത്തിന് പിന്നിലെ ചിന്ത എന്താണെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല,” – ഭോഗ്ലെ വ്യക്തമാക്കി.

പരിചയസമ്പന്നനായ ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരനൊപ്പമായിരിക്കും വൈഭവ് സൂര്യവംശി ഈസ്റ്റ് സോണിനായി ഇന്നിങ്സ് ഓപ്പൺ ചെയ്യുക. ഐപിഎല്ലിലും വൈറ്റ് ബോൾ ക്രിക്കറ്റിലും മികവ് തെളിയിച്ച വൈഭവിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ (8 മത്സരങ്ങളിൽ നിന്ന് 207 റൺസ്, ഉയർന്ന സ്കോർ 93) തന്റെ കരുത്ത് തെളിയിക്കാൻ ദൂലീപ് ട്രോഫി നിർണായകമാകും. അതേസമയം, ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമിയും മുകേഷ് കുമാറും നയിക്കുന്ന ബൗളിങ് നിര ഈസ്റ്റ് സോണിന് വലിയ കരുത്താകും.

ഈസ്റ്റ് സോൺ സ്‌ക്വാഡ്: ഇഷാൻ കിഷൻ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ, സുദീപ് ഘരാമി, മുഹമ്മദ് ഷമി, മുകേഷ് കുമാർ, ഷഹബാസ് അഹമ്മദ്, സൂരജ് ജയ്‌സ്വാൾ, വിരാട് സിങ്, കുമാർ കുശാഗ്ര, ശിഖർ മോഹൻ, സുഭ്രാംശു സേനാപതി, അഭിജിത് സർക്കാർ, അനുകുൽ റോയ്, ഡെനിഷ് ദാസ്.

Exit mobile version