കല്‍പ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ കെഎപി കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസില്‍ ഇന്ന് വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവിക്കും. സംഭവം നടന്ന് 23 വര്‍ഷത്തിനുശേഷമാണ് കേസില്‍ അന്തിമ വിധി വരുന്നത്. ജഡ്ജി ഇ. അയൂബ്ഖാനാണ് വിധി പറയുക.
2003 ഫെബ്രുവരി 19നാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ നടന്ന ഭൂസമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലിലാണ് കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ടത്.
പൊലീസ് വെടിവയ്പില്‍ ആദിവാസി യുവാവ് ജോഗിയും കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. സമരക്കാരുടെ കുടിലുകള്‍ക്ക് പൊലീസ് തീയിടുകയും ചെയ്തു. സമരക്കാര്‍ അമ്പും വില്ലും വടികളും ഉപയോഗിച്ച് പ്രതിരോധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആകെ 53 ആദിവാസികളാണ് പ്രതികള്‍.
ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനുവിനൊപ്പം സമരത്തിന് നേതൃത്വം നല്‍കിയ ഗീതാനന്ദനാണ് കേസിലെ ഒന്നാം പ്രതി. പ്രതികളില്‍ 15 പേര്‍ ഇതിനകം മരണമടഞ്ഞു. ഒരാള്‍ കിടപ്പിലാണ്. ബാക്കിയുള്ളവരെല്ലാം വാര്‍ധക്യത്തിലെത്തി നില്‍ക്കുകയാണ്.
ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലിനിടെ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കിയെന്നും പിന്നീട് വിനോദിനെ കൊലപ്പെടുത്തിയെന്നുമാണ് സിബിഐയുടെ കുറ്റപത്രം. ഷെഡ്ഡുകള്‍ നിര്‍മിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേര്‍ന്നു, പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും തട്ടിക്കൊണ്ടുപോയി, കൊള്ള നടത്തി എന്നീ വകുപ്പുകളും കുറ്റപത്രത്തിലുണ്ട്.
എന്നാല്‍ സംഭവം നടന്ന കുടിലിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് നേരിട്ട് കണ്ട സാക്ഷികളില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കുടിലില്‍ നിന്ന് 50 മീറ്ററിലധികം അകലെയായിരുന്നു. തുടര്‍ച്ചയായ വെടിവയ്പ്പും ഗ്രനേഡ് സ്ഫോടനങ്ങളും മൂലമുണ്ടായ പുകയും കാരണം അകത്ത് നടന്നത് കാണാനായില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. റഷീദ് കോടതിയില്‍ വാദിച്ചു.
കേസ് ആദ്യം പൊലീസ്, പിന്നീട് ക്രൈംബ്രാഞ്ച്, ഒടുവില്‍ സിബിഐ ചെന്നൈ യൂണിറ്റ് എന്നിവര്‍ അന്വേഷിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് എറണാകുളം സിബിഐ കോടതിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് മാറ്റിയത്.
