Site icon Fourteen Kerala – 14 Kerala News

തൃശൂരിൽ പേനയുടെ അടപ്പ് തിരഞ്ഞതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം

തൃശൂർ: തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനും ബിജെപി പ്രവർത്തകനുമായ മണികണ്ഠനാണ് വിദ്യാർഥിയെ തല്ലിയത്. കഴിഞ്ഞ ആഴ്ച നടന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.

മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേനയുടെ തെറിച്ചുപോയ അടപ്പ് എവിടെയാണെന്ന് എത്തി നോക്കി എന്ന നിസരാ കാര്യത്തിന്റെ പേരിലാണ് തങ്ങളുടെ മകനെ പൊതിരെ തല്ലിയതെന്ന് കുടുംബം പറഞ്ഞു. മർദ്ദനത്തിന് ഇരയായ കുട്ടിയുടെ സഹപാഠികളാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

നേരത്തെയും സമാന രീതിയിൽ മണികണ്ഠൻ വിദ്യാർഥികളെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. മർദ്ദനം പതിവായതോടെ ക്രൂരത പുറംലോകത്തെ അറിയിക്കുന്നതിനായി വിദ്യാർഥികൾ ഫോൺ കൊണ്ടുവരികയും മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

Exit mobile version