Site icon Fourteen Kerala – 14 Kerala News

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് പ്രമോഷൻ റീലുമായി വധശ്രമകേസ് പ്രതി ഖാദർ കരിപ്പൊടി

കാസർകോട്: ഇൻസ്റ്റഗ്രാമിൽ റീൽ പങ്കുവെച്ച് പൊലീസിനെ വെല്ലുവിളിക്കുന്ന കണ്ടന്റ് ക്രിയേറ്റർ ഖാദർ കരിപ്പൊടി. വധശ്രമക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിൽ പോയ ഖാദർ കരിപ്പൊടി റെയിൻ കോട്ടിന്റെ പ്രമോഷൻ വീഡിയോയുമായാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.

സാമ്പത്തിക തർക്കത്തെ തുടർന്ന് പള്ളിക്കര സ്വദേശി അബ്ദുൾ അഹദിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രധാന പ്രതിയാണ് ഖാദർ കരിപ്പൊടി. കേസിൽ ഇയാൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കാസർകോട് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. റാഷിദ്, അഷ്റഫ് എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ.
പരാതിക്കാരനെ സംഘം ചേർന്ന് വിളിച്ചുവരുത്തി ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് അടിക്കുകയും ഇരുമ്പു വടി കൊണ്ട് മർദ്ദിക്കുകയും ചെയ്തെന്നാണ് കേസ്. പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തത്.

ഒളിവിലിരിക്കെ നേരത്തെയും ഖാദർ കരിപ്പൊടി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു. മാധ്യമങ്ങൾക്കും പരാതിക്കാരനുമെതിരെയായിരുന്നു അന്നത്തെ വീഡിയോ. ഇപ്പോൾ റെയിൻ കോട്ടിന്റെ പ്രമോഷൻ റീലാണ് പങ്കുവച്ചിരിക്കുന്നത്.മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെയാണ് പ്രതി ഒളിവിൽ പോയത്. ഇയാൾക്കായി കാസർകോട് ടൗൺ പൊലീസ് അന്വേഷണം ഊർജിതമാക്കി. സോഷ്യൽ മീഡിയയിൽ സജീവമായ പ്രതിയെ വേഗത്തിൽ പിടികൂടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.

Exit mobile version