Site icon Fourteen Kerala – 14 Kerala News

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു

വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുന്നു. 2024 ജൂലൈ 30ന് പുലർച്ചെ മണ്ണും മലവെള്ളവും പാറക്കെട്ടുകളും മൂന്ന് ഗ്രാമങ്ങളെ ഒന്നാകെ വിഴുങ്ങിയ ആ കറുത്ത രാത്രിയുടെ ഓർമ്മകൾ ഇന്നും വയനാട്ടുകാരുടെ മനസിൽ നീറുന്നു.

ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ബാക്കിയായവരുടെ മനസിലെ മുറിവുകൾക്ക് ഇന്നും ആശ്വാസമായിട്ടില്ല.പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിയിറങ്ങിയ ഉരുൾ മുണ്ടക്കൈയിലൂടെയും ചൂരൽമലയിലൂടെയും ആഞ്ഞടിച്ചപ്പോൾ നൂറുകണക്കിന് ജീവനുകളാണ് നഷ്ടമായത്.

അതോടൊപ്പം ആളുകളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും കൂടി ഒലിച്ചുപോയി. ദുരന്തത്തിന് ശേഷം പുഞ്ചിരിമട്ടവും മുണ്ടക്കൈയും ഇന്ന് നിശ്ചലമാണ്. പഴയ ഗ്രാമങ്ങളെ ഓർമ്മിപ്പിക്കുന്നതായി ഒന്നും അവിടെയില്ല. ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടങ്ങളും ആളൊഴിഞ്ഞ വീടുകളും മാത്രമാണ് ഇപ്പോൾ അവിടെ അവശേഷിക്കുന്നത്.ഒരു രാത്രി കൊണ്ട് സ്വന്തം വീടും വിലാസവും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട മനുഷ്യരുടെ നിശ്ശബ്ദമായ ഓർമ്മകൾ ഇന്നും ആ ദുരന്തഭൂമിയിൽ അവശേഷിക്കുന്നു. ചൂരൽമലയിൽ ഇപ്പോൾ താമസക്കാർ കുറവാണെങ്കിലും വിനോദ സഞ്ചാരികൾ എത്തുന്നതോടെ പ്രദേശം അതിജീവനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്.

ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി ഇന്ന് പുത്തുമല ഹൃദയഭൂമിയിൽ സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. വീടും ബന്ധുക്കളെയും നഷ്ടപ്പെട്ടവർക്കൊപ്പം നാട് മുഴുവൻ പ്രാർത്ഥനയോടെ ഒന്നിക്കും. ഉരുൾപൊട്ടൽ വരുത്തിയ നാശനഷ്ടങ്ങൾ വാക്കുകൾക്കതീതമാണെങ്കിലും അതിജീവനത്തിന്റെ കഥ കൂടിയാണ് വയനാട് ഇന്ന് ലോകത്തോട് പറയുന്നത്.

Exit mobile version