Site icon Fourteen Kerala – 14 Kerala News

ഐഷി ഘോഷ് കോടതിയിൽ, അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യം; വിടാതെ ഡൽഹി പൊലീസ്

എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് കോടതിയിൽ. അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യം. ഡൽഹി പട്യാല ഹൗസ് കോടതിയിൽ അപേക്ഷ നൽകി. ഉടൻ പരിഗണിക്കണമെന്ന് ഐഷി ആവശ്യപ്പെട്ടു. ഐഷി ഘോഷിനെ വിടാതെ ഡൽഹി പൊലീസ്. ഡൽഹിയിലെ എകെജി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് പൊലീസ് വിവരങ്ങൾ തേടി. അർധരാത്രിയിലാണ് പൊലീസ് മഫ്തിയിലെത്തിയത്. ഐഷി ഘോഷിന്‍റെ താമസസ്ഥലം അടക്കമുള്ള വിവരങ്ങളാണ് തേടിയത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം അറിയിച്ചു.

ഐഷി ഘോഷ് എവിടെയാണ് താമസിക്കുന്നത്, എകെജി ഭവനിൽ എപ്പോഴൊക്കെ വരുന്നു, കേന്ദ്ര നേതാക്കളുമായി എപ്പോഴൊക്കെ സംസാരിക്കുന്നു തുടങ്ങിയ നിർണായക വിവരങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞത്. 2021-ൽ നടന്നിട്ടുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിക്കുന്നത്. നാളെ ഈ കേസ് ഡൽഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്‍റെ നീക്കം.

അതേസമയം, അനുവാദമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് സംഘം എകെജി ഭവനുള്ളിൽ കയറി വിവരങ്ങൾ തേടിയതിൽ വലിയ പ്രതിഷേധവുമായി സിപിഐഎമ്മും എസ്എഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് തീരുമാനം.

ഡൽഹി എകെജി ഭവനിൽ എസ്എഫ്ഐ ഡൽഹി സെക്രട്ടറിയും ജെഎൻയു മുൻ യൂണിയൻ അധ്യക്ഷയുമായ ഐഷി ഘോഷിനെ ഇന്നലെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം. ജന്തർ മന്തറിലെ സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ, ഈ സമരവുമായി ബന്ധപ്പെട്ടല്ല, മറിച്ച് പഴയൊരു കേസിന്‍റെ പേരിൽ നടപടിയെടുക്കാനാണ് പൊലീസ് സ്ഥലത്തെത്തിയതെന്നാണ് വിവരം. എന്നാൽ സിപിഐഎം നേതാക്കളും മാധ്യമങ്ങളും അഭിഭാഷകൻ അഡ്വ.സുഭാഷ് ചന്ദ്രൻ ഉൾപ്പെട്ടവർ സ്ഥലത്തെത്തിയതിനെ തുടർന്ന് ഡൽഹി പൊലീസ് ഘോഷിനെ കസ്റ്റഡിയിലെടുക്കാതെ മടങ്ങുകയായിരുന്നു.

Exit mobile version