Site icon Fourteen Kerala – 14 Kerala News

അനുമതിയില്ലാതെ കുംഭമേള വൈറൽ പെൺകുട്ടിയെ മറ്റാർക്കും കൈമാറരുത്’; ഹൈക്കോടതി

ഹൈക്കോടതിയുടെ അനുമതിയില്ലാതെ കുംഭമേള വൈറൽ പെൺകുട്ടിയെ മറ്റാർക്കും കൈമാറരുതെന്ന് കർശന നിർദേശം. നാട്ടിലേക്ക് തിരിച്ചയച്ചാൽ ‘ദുരഭിമാനക്കൊല’ നടക്കാൻ സാധ്യതയുണ്ടെന്ന പെൺകുട്ടിയുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ കക്ഷിയായ എസ്എച്ചഒ, സർക്കാർ അഭിഭാഷകൻ മുഖേനയല്ലാതെ നേരിട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് കത്തയച്ച നടപടി ശരിയാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

പെൺകുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി കൊച്ചി നഗരപരിധിക്ക് പുറത്തേക്ക് കൊണ്ടുപോകരുതെന്നും സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർക്ക് കോടതി നിർദേശം നൽകി. അടിയന്തര സാഹചര്യമുണ്ടായാൽ ചുമതലയുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയെ ബന്ധപ്പെടണമെന്നും, ഉടൻ സംരക്ഷണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ പെണ്‍കുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറാന്‍ ഉത്തരവിട്ടിരിക്കുകയാണ്. കമ്മീഷന് ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാൻ എന്തധികാരമാണുള്ളതെന്നും കോടതി ചോദിച്ചു. പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണ ഹര്‍ജിയാണ് കോടതി വീണ്ടും പരിഗണിച്ചത്.

Exit mobile version