Site icon Fourteen Kerala – 14 Kerala News

നിർമ്മാണത്തിലിരുന്ന ചുറ്റുമതിൽ ഇടിഞ്ഞുവീണു; കാസർഗോട് മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

കാസർഗോട്: ചെറുവത്തൂർ കൊത്തങ്കരയിൽ വീടിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നിർമ്മാണത്തിലിരുന്ന മതിൽ പെട്ടെന്ന് ഇടിഞ്ഞുവീണത്. പരിക്കേറ്റ തൊഴിലാളികളെ ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പെയ്ത കനത്ത മഴയിൽ മണ്ണ് കുതിർന്നുനിന്നതാണ് അപകടത്തിന് പ്രധാന കാരണമായത്. സിമന്റ് ഉപയോഗിക്കാതെ ചെങ്കല്ലുകൾ മാത്രം അടുക്കിവെച്ചുള്ള നിർമ്മാണ രീതിയാണ് ഇവിടെ പിന്തുടർന്നിരുന്നത്. ഇതാണ് മണ്ണ് ഇടിഞ്ഞപ്പോൾ മതിൽ പൂർണ്ണമായും തകരാൻ ഇടയാക്കിയതെന്ന് കരുതപ്പെടുന്നു.

സംഭവം നടന്നയുടൻ അഗ്നിശമന സേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മണ്ണിനടിയിൽപ്പെട്ടവരിൽ രണ്ടുപേർ അരയ്ക്കൊപ്പം മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു. നാട്ടുകാരും ഉദ്യോഗസ്ഥരും ചേർന്ന് അതിവേഗം മണ്ണ് നീക്കിയാണ് തൊഴിലാളികളെ ജീവനോടെ പുറത്തെടുത്തത്.

Exit mobile version