Site icon Fourteen Kerala – 14 Kerala News

രേഖകൾ പിടിച്ചെടുത്തു, ബന്ധുക്കളെയും കുടുക്കി; ജന്തർമന്തർ സമരത്തിന് പിന്നാലെ യു.പി. പൊലീസിന്റെ പകപോക്കൽ

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകൻ മുഹമ്മദ് ജുനൈദിന്റെ വീട്ടിൽ പൊലീസ് അതിക്രമിച്ച് കയറി പരിശോധന നടത്തിയാതായി പരാതി . ഉത്തർപ്രദേശിലെ വീട്ടിലാണ് പരിശോധന നടത്തിയത്.

തന്റെ പിതാവിനെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ജുനൈദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതിനുപുറമേ, മീററ്റിലുള്ള ജുനൈദിന്റെ സഹോദരിയുടെ ഭർതൃപിതാവിനെയും ഭർതൃസഹോദരനെയും സമാനമായ രീതിയിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

റെയ്ഡിനിടെ കുടുംബാംഗങ്ങളുടെ തിരിച്ചറിയൽ രേഖകളും ബാങ്ക് പാസ് ബുക്കുകളും ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ പൊലീസ് പിടിച്ചെടുത്തതായും ജുനൈദ് കുറ്റപ്പെടുത്തി. ജന്തർമന്തറിൽ സമരം ചെയ്യുന്നവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിച്ചുനൽകുന്ന പ്രധാന സന്നദ്ധപ്രവർത്തകരിൽ ഒരാളാണ് ജുനൈദ്.

സമരങ്ങളിൽ സജീവമായി ഇടപെടുന്നതിനുള്ള പ്രതികാര നടപടിയായാണ് പൊലീസ് ഈ നീക്കം നടത്തിയത്. തന്നെയും കുടുംബാംഗങ്ങളെയും ഭയപ്പെടുത്തി സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ജുനൈദിന്റെ ഈ ഗുരുതര ആരോപണങ്ങളോട് ഉത്തർപ്രദേശ് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അതേസമയം 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിൽ കേന്ദ്ര സർക്കാരുമായി രഹസ്യ ധാരണയുണ്ടെന്ന ആരോപണം തള്ളി വിദ്യാഭ്യാസ പരിഷ്കർത്താവ് സോനം വാങ്ചുക് രംഗത്ത്. എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം വിശദീകരണം നൽകിയത്.”26 ദിവസം നിരാഹാരം അനുഷ്ഠിച്ച ശേഷവും എന്റെ ആത്മാർഥത ഞാൻ ഇനിയും തെളിയിക്കണമോ?” എന്ന് വാങ്ചുക് ചോദിച്ചു.

സമരം അവസാനിപ്പിച്ച തീരുമാനത്തെ രാഷ്ട്രീയ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ആരുടെയും പേര് പരാമർശിക്കാതെ, കേന്ദ്രവുമായി ഡീലുണ്ടെന്ന് പ്രചരിപ്പിക്കുന്നവരെ അദ്ദേഹം വിമർശിച്ചു. സമരത്തിന് പിന്നിലെ വ്യക്തിപരമായ ത്യാഗവും കഷ്ടപ്പാടും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ അവഗണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമർശനങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് തന്റെ യൂട്യൂബ് ചാനലിൽ ലഭ്യമായ 22 മിനിറ്റ് ദൈർഘ്യമുള്ള മുഴുവൻ വീഡിയോയും കാണാനും അതിലെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version