ചെന്നൈ: ചെന്നൈ നഗരപരിധിയിൽ സർവീസ് നടത്തുന്ന മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പുതിയ മിനി ബസുകൾക്ക് വിജയ്‌യുടെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ (TVK) കൊടിയുടെ നിറം നൽകിയത് വലിയ ചർച്ചയാകുന്നു.
ടി.വി.കെ കൊടിയിലെ പ്രധാന നിറങ്ങളായ മഞ്ഞയും ചുവപ്പുമാണ് പുതിയ ബസുകൾക്ക് നൽകിയിരിക്കുന്നത്. ബസുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രസകരമായ പ്രതികരണങ്ങളുമായാണ് ആളുകൾ രംഗത്തെത്തുന്നത്.
സ്കൂൾ-കോളേജ് ബസുകൾക്ക് സമാനമായ നിറമാണ് എം.ടി.സി ബസുകൾക്ക് നൽകിയിരിക്കുന്നതെന്ന് ചിലർ വിമർശിച്ചപ്പോൾ, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ നിറം സർക്കാരുണ്ടാക്കുന്ന ബസിന് അടിച്ചു നൽകിയതിനെ പരിഹസിച്ചാണ് ഭൂരിഭാഗം പേരും രംഗത്തെത്തിയത്.
തമിഴ്‌നാട്ടിൽ ഭരണം മാറുമ്പോഴൊക്കെ ബസുകളുടെ നിറം മാറ്റുന്നത് യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആശയക്കുഴപ്പത്തിലാക്കുകയാണെന്നും, ബസുകൾക്ക് സ്ഥിരമായി ഒരു പൊതുനിറം നൽകണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.
അതേസമയം, പ്രശ്നത്തിൽ വിശദീകരണവുമായി എം.ടി.സി ഉദ്യോഗസ്ഥർ രംഗത്തെത്തി. തിരുച്ചിയിലെ സ്വകാര്യ ബോഡി ബിൽഡിംഗ് സ്ഥാപനത്തിൽ നിന്നാണ് ബസുകൾക്ക് പെയിന്റ് ചെയ്യുന്നത്. ഇത്തരത്തിൽ 300 പുതിയ ബസുകളാണ് നിരത്തിലിറങ്ങാൻ തയ്യാറെടുക്കുന്നത്.
നിലവിൽ എം.ടി.സിക്ക് കീഴിൽ പല നിറങ്ങളിലുള്ള ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും, പുതിയ നിറവും സർക്കാർ ഉടൻ അംഗീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
