Site icon Fourteen Kerala – 14 Kerala News

തല്ലിച്ചതയ്ക്കുന്നത് ഇന്ത്യൻ സംസ്കാരമല്ല, ചെറുപ്പക്കാരോട് കാട്ടിയ ഈ ക്രൂരതയ്ക്ക് പ്രധാനമന്ത്രി മാപ്പ് പറയണം’; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ഗാന്ധി

ദില്ലി: കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രധാന നേതാക്കളും. ജനങ്ങളെ തല്ലിച്ചതയ്ക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്നും ഈ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

ഇത് രാജ്യത്തെ വിദ്യാർത്ഥികളുടെ വിഷയമാണെന്നും യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയവരും ആശുപത്രിയിൽ എത്തിയിരുന്നു.

പ്രശ്നം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് താനും മറ്റ് പ്രതിപക്ഷ എംപിമാരും സ്പീക്കറെ കണ്ടിരുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ ചർച്ച നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നാണ് സ്പീക്കർ മറുപടി നൽകിയത്. ജനങ്ങളുടെ വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന് പറയുന്നതിലെ ജനാധിപത്യവിരുദ്ധത ജനങ്ങൾ മനസ്സിലാക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

രാജ്യത്തെ ചെറുപ്പക്കാരോട് കാട്ടിയ ഈ ക്രൂരതയ്ക്ക് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോൺഗ്രസ് എക്‌സ് ഹാൻഡിലിലൂടെ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എത്രയും വേഗം രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രധാന ആവശ്യം.

പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നിര ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ശശി തരൂർ, ഭൂപേഷ് ബാഗേൽ, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ എന്നിവർ കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നടപടിയെ രൂക്ഷമായി വിമർശിച്ചു. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആശുപത്രി സന്ദർശിച്ച് പരിക്കേറ്റ വിദ്യാർത്ഥികളെ കണ്ടു.

Exit mobile version