Site icon Fourteen Kerala – 14 Kerala News

കുളി കഴിഞ്ഞ് അമ്മ തിരികെയെത്തിയപ്പോൾ കണ്ടത് അബോധാവസ്ഥയിൽ കിടക്കുന്ന കുഞ്ഞിനെ, മൂന്ന് വയസ്സുകാരിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

പത്തനംതിട്ട: കൺമുന്നിൽ കളിചിരികളോടെ ഓടിനടന്ന കുഞ്ഞു മാലാഖ പെട്ടെന്നൊരു നിമിഷം നിശ്ചലയായി വീണത് ആ അമ്മയ്ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പത്തനംതിട്ട റാന്നി വയലത്തലയിൽ ഷോക്കേറ്റ് മൂന്ന് വയസ്സുകാരി ദാരുണമായി മരണപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് ഒരു നാടൊട്ടുക്കും.

റാന്നി വയലത്തല സ്വദേശികളായ ബിനോയ് – സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരണപ്പെട്ടത്. സാന്ദ്രയുടെ കുടുംബവീട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ അവിചാരിത ദുരന്തം നടന്നത്. അമ്മ കുളിക്കാനായി കയറിയ സമയത്ത് അവന്തിക മുറിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടയിലാണ് കുട്ടിക്ക് അബദ്ധത്തിൽ വൈദ്യുതി ആഘാതമേറ്റത്. കുളി കഴിഞ്ഞ് തിരികെയെത്തിയ അമ്മ സാന്ദ്ര കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട് അടുത്തേക്ക് ചെന്ന് തൊട്ടപ്പോൾ അമ്മയ്ക്കും നിസ്സാരമായി ഷോക്കേൽക്കുകയായിരുന്നു.

ഉടൻ തന്നെ അബോധാവസ്ഥയിലായ കുഞ്ഞിനെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് എങ്ങനെയാണ് ഷോക്കേറ്റതെന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി റാന്നി പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version