Site icon Fourteen Kerala – 14 Kerala News

എൽ.പി.ജിക്ക് പകരം ഇനി എഥനോൾ, പുതിയ ഇന്ധനത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഗതാഗത മേഖലയിൽ വിജയം കണ്ട പെട്രോളിലെ എഥനോൾ മിശ്രണം ഇനി രാജ്യത്തെ പാചകാവശ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ. നിലവിലുള്ള എൽ.പി.ജി. സിലിണ്ടറുകൾക്ക് പകരമായി എഥനോൾ അധിഷ്ഠിത പാചക ഇന്ധനം അവതരിപ്പിക്കാനുള്ള തീവ്ര ആലോചനയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം.

രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന പദ്ധതി വിജയകരമായതോടെ എഥനോൾ ഉത്പാദനം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് അധികമായി വരുന്ന ഇന്ധനം പാചക ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്.

എൽ.പി.ജിക്ക് പകരമായി എഥനോൾ എത്തുന്നതോടെ രാജ്യത്തെ ഇന്ധന ഇറക്കുമതിച്ചെലവിൽ വലിയ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവില വ്യതിയാനങ്ങൾ സാധാരണക്കാരുടെ അടുക്കള ബജറ്റിനെ ബാധിക്കുന്നത് തടയാനും തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന എഥനോളിലൂടെ സാധിക്കും. എൽ.പി.ജിയേക്കാൾ കുറഞ്ഞ ചെലവിൽ ഇത് ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നതാണ് പ്രധാന ആകർഷണം.

കൂടാതെ, കരിമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങളിൽ നിന്നും കൃഷി അവശിഷ്ടങ്ങളിൽ നിന്നും എഥനോൾ നിർമ്മിക്കുന്നതിനാൽ ഇത് കർഷകർക്ക് മികച്ച വരുമാന മാർഗമായി മാറുകയും ചെയ്യും. പുകയോ ദോഷകരമായ വാതകങ്ങളോ പുറന്തള്ളാത്തതിനാൽ ഇത് കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ ഇന്ധനമാണ്.

എന്നാൽ നിലവിലുള്ള എൽ.പി.ജി സിലിണ്ടറുകളിലോ സാധാരണ ഗ്യാസ് സ്റ്റൗവുകളിലോ എഥനോൾ നേരിട്ട് ഉപയോഗിക്കാൻ സാധിക്കില്ല. അതിനായി പ്രത്യേക സാങ്കേതികവിദ്യയിൽ രൂപകൽപ്പന ചെയ്ത സ്റ്റൗവുകളും ഇന്ധനം സുരക്ഷിതമായി സൂക്ഷിക്കാനുള്ള കാനിസ്റ്ററുകളും വിപണിയിലിറക്കും. പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതിനായുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ്.പദ്ധതിയുടെ ആദ്യഘട്ടത്തിൽ കൂടുതൽ ഇന്ധനം ആവശ്യമായി വരുന്ന ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മറ്റ് വാണിജ്യ അടുക്കളകൾ എന്നിവിടങ്ങളിലാകും എഥനോൾ സ്റ്റൗവുകൾ അവതരിപ്പിക്കുക. അവിടെ നിന്നുള്ള പ്രായോഗിക അനുഭവങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഗാർഹിക മേഖലയിലേക്ക് എഥനോൾ പാചക ഇന്ധനം പൂർണ്ണമായി വ്യാപിപ്പിക്കുക.

Exit mobile version