Site icon Fourteen Kerala – 14 Kerala News

ആന്ധ്രയിൽ കൊവിഡ് ഒമിക്രോൺ RF.5 വകഭേദം സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ആന്ധ്രാപ്രദേശ്: സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ ഒമിക്രോൺ RF.5 വകഭേദം സ്ഥിരീകരിച്ചു.പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് RF.5 കണ്ടെത്തിയത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

SARS-CoV-2 വൈറസിന്റെ ജനിതക വ്യതിയാനത്തിലൂടെ രൂപപ്പെട്ട ഒമിക്രോണിന്റെ ഒരു ഉപവകഭേദമാണ് RF.5. രണ്ട് വ്യത്യസ്ത വകഭേദങ്ങൾ കൂടിച്ചുണ്ടാകുന്ന റീകോമ്പിനന്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായി, JN.1 വംശത്തിൽ നിന്ന് സ്വാഭാവികമായി പരിണമിച്ചതാണിത്. സിംഗപ്പൂരിലും തെക്കുകിഴക്കൻ ഏഷ്യയിലെ പല രാജ്യങ്ങളിലും നേരത്തെ RF.5 റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതിയ വകഭേദം കൂടുതൽ അപകടകാരിയാണെന്നതിന് തെളിവുകളില്ലെന്ന് ആന്ധ്രാപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിഷ്ണു വർദ്ധൻ വ്യക്തമാക്കി. അതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്.
അടുത്തിടെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ ഭൂരിഭാഗവും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവരാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.മാസ്ക് ധരിക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക, രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തുക തുടങ്ങിയ മുൻകരുതലുകൾ തുടരാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

Exit mobile version