Site icon Fourteen Kerala – 14 Kerala News

വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം: തിരുവല്ലത്ത് രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: വാഴമുട്ടത്ത് വാഹന പരിശോധന നടത്തുകയായിരുന്ന തിരുവല്ലം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ മദ്യപിച്ചെത്തിയ യുവാക്കളുടെ ആക്രമണം. ആക്രമണത്തിൽ എസ്‌സിപിഒ നസുമുദ്ദീന്റെ കൈവിരലിന് പൊട്ടലേറ്റു. സംഭവം തടയാൻ ശ്രമിച്ച ജീപ്പ് ഡ്രൈവർ സജന്റെ യൂണിഫോമിലെ നെയിം പ്ലേറ്റ് പ്രതികൾ തകർത്തു.

ശനിയാഴ്ച അർദ്ധരാത്രിയോടെ നടന്ന സംഭവത്തിൽ പാലക്കാട് സ്വദേശി ഹയാത്ത് റോഷൻ (33), പൂന്തുറ സ്വദേശി സമ്പത്ത് (25) എന്നിവരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
അമിതവേഗതയിലെത്തിയ പ്രതികളുടെ കാർ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പിന്തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സംഘം മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. കാറിന്റെ താക്കോൽ നൽകാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതനായ ഹയാത്ത് റോഷൻ, കയ്യിലുണ്ടായിരുന്ന ലോഹവള ഊരി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കാറിൽ നിന്ന് ബീയർ കുപ്പികളും പൊലീസ് കണ്ടെടുത്തു.

പാച്ചല്ലൂരിൽ വാടകയ്ക്ക് താമസിച്ച് ടാക്സി ഓടിക്കുന്ന ഇവരുവരും മുൻപും സമാനമായ രീതിയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് കേസുകളിൽ പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Exit mobile version