ന്യൂഡൽഹി: മൊബൈൽ ഫോണും മൈക്കും കൈയിലുള്ള ആരും ഇന്ന് സ്വയം മാധ്യമപ്രവർത്തകനാകുന്ന പ്രവണതയ്ക്ക് തടയിടാൻ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. ഉത്തരവാദിത്തമില്ലാത്ത റിപ്പോർട്ടിങ്ങും ഭീഷണിപ്പെടുത്തലും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നതും പത്രസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് നിതീഷ് കത്പാലിയ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിരീക്ഷണങ്ങൾ നടത്തിയത്. 2026 ജൂലൈയിൽ സിമാപുരിയിലെ നിയമവിരുദ്ധ ആരാധനാലയത്തെക്കുറിച്ച് വീഡിയോ ചെയ്യുന്നതിനിടെ രണ്ട് മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിലെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കേസിലെ രണ്ട് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പത്രസ്വാതന്ത്ര്യം പരമപ്രധാനമാണെങ്കിലും അത് ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്ന് കോടതി ഓർമ്മിപ്പിച്ചു. യാതൊരു പരിശീലനമോ ധാർമിക അടിത്തറയോ ഇല്ലാതെ സോഷ്യൽ മീഡിയയിൽ വാർത്തകൾ നൽകുന്നവരുടെ എണ്ണം കൂടുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. സെൻസേഷണൽ റിപ്പോർട്ടുകൾ, അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ, പ്രകോപനപരമായ ഉള്ളടക്കങ്ങൾ എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റായി സ്വാധീനിക്കുകയും നിയമപാലനത്തിന് തടസം നിൽക്കുകയും ചെയ്യുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
“പത്രസ്വാതന്ത്ര്യത്തിന് തടസം നിൽക്കാത്ത രീതിയിൽ നിയന്ത്രണം കൊണ്ടുവരുന്നത് സംബന്ധിച്ച് ദൽഹി സർക്കാർ ആലോചിക്കണം” എന്നും കോടതി നിർദ്ദേശിച്ചു. പ്രൊഫഷണൽ ഉത്തരവാദിത്തം, ധാർമിക മാനദണ്ഡങ്ങൾ, നിയമവാഴ്ച, വ്യക്തികളുടെ സ്വകാര്യത, പൊതുതാത്പര്യം എന്നിവ സംരക്ഷിക്കുന്ന പെരുമാറ്റച്ചട്ടം അടിയന്തരമായി ആവശ്യമാണെന്നാണ് ഹൈക്കോടതിയുടെ നിലപാട്.നിലവിൽ ആർക്കും മാധ്യമപ്രവർത്തകനായി മാറാനാകുന്ന സാഹചര്യമാണ്. ഇത് സത്യസന്ധമായ മാധ്യമപ്രവർത്തനത്തെ പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുവെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.
ഇതേ ആവശ്യം ഉന്നയിച്ച് കോം ഇന്ത്യ ( കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ – ഇന്ത്യ) കേരള സർക്കാറിനെ സമീപിച്ചിട്ടുണ്ട്. ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടും പൊലീസ് അധികൃതരോടും ആവശ്യപ്പെട്ടു.യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജുകൾ, ന്യൂസ് എന്ന് പേരിടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ബ്ലോഗുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ രൂപീകരിച്ച് വിവിധ ജില്ലകളിൽ വ്യാപക തട്ടിപ്പും ബ്ലാക്ക് മെയിലിങ്ങുമാണ് അരങ്ങേറുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ, ബിസിനസുകാർ ഉൾപ്പെടെയുള്ളവരിൽ നിന്നും ലക്ഷങ്ങളാണ് ഇവർ ഇത്തരത്തിൽ തട്ടിച്ചെടുക്കുന്നത്. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ മീഡിയ സ്ഥാപനങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്.ഇത്തരക്കാരുടെ പ്രവൃത്തി ഡിജിറ്റൽ മീഡിയകളുടെ വിശ്വാസ്യതയെ പോലും ബാധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനും കോം ഇന്ത്യ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു.
ഇതുസംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലീസ് ചീഫ് എന്നിവർക്ക് സംഘടന പരാതി നൽകും. ഇത്തരം പുഴുക്കുത്തുകളെ തൂത്തെറിയാൻ, ബ്ലാക്ക് മെയിലിങ് സംബന്ധമായി വിവരം നൽകുന്നതിനായി പൊലീസ് തന്നെ ഔദ്യോഗികമായി അറിയിപ്പ് പുറത്തിറക്കുകയും വിവരം കൈമാറാൻ പ്രത്യേക നമ്പർ നൽകുകയും വേണം. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.
