തിരുവനന്തപുരം:സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അടിയന്തര അനുമതി നൽകി.
ഇന്ന് ചേർന്ന അടിയന്തര സിറ്റിങ്ങിലാണ് തീരുമാനം.ഇതോടെ നാളെ മുതൽ സംസ്ഥാനത്ത് അധിക വൈദ്യുതി ലഭ്യമാകും. യൂനിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. എൻടിപിസി, പവർപൾസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്നാണ് വൈദ്യുതി ലഭിക്കുക.
അതേസമയം സംസ്ഥാനത്ത് ഏർപ്പെടുത്തുന്ന ലോഡ് ഷെഡിങ്ങുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്ക് കമ്മീഷൻ കർശന നിർദേശങ്ങളും നൽകി. ലോഡ് ഷെഡിങ് ഉണ്ടാകുന്ന സമയവും എത്ര നേരത്തേക്ക് ആയിരിക്കുമെന്നും പൊതുജനങ്ങളെ മുൻകൂട്ടി അറിയിക്കണമെന്ന് നിർദേശിച്ചു.
“15 മിനിറ്റ് എന്ന് പറഞ്ഞിട്ട് അരമണിക്കൂർ ലോഡ് ഷെഡിങ് ഏർപ്പെടുത്തരുത്. കൃത്യവും സുതാര്യവുമായ രീതിയിൽ മാത്രമേ ലോഡ് ഷെഡിങ് നടപ്പാക്കാവൂ” എന്ന് കമ്മീഷൻ വ്യക്തമാക്കി. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ ഷെഡ്യൂൾ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വൈദ്യുതി ലഭ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന സോളാർ ബാറ്ററി സ്റ്റോറേജ് പദ്ധതിയുടെ നിർമ്മാണം വൈകുന്നതിലും കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. “ഒരു ദിവസം നേരത്തെ പദ്ധതി പൂർത്തിയാക്കിയാൽ പോലും അത് വലിയ ലാഭമാണ്. നിർമ്മാണത്തിന് കൂടുതൽ വേഗത കൈവരിക്കണം” എന്ന് കമ്മീഷൻ അധ്യക്ഷൻ പറഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ആവശ്യത്തിനനുസരിച്ച് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് വിവിധയിടങ്ങളിൽ നിയന്ത്രിത ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു. പുതിയ വൈദ്യുതി ലഭ്യമാകുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് പ്രതീക്ഷിക്കാമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
