തൃശ്ശൂർ: സീനിയർ ഗവൺമെന്റ് പ്ലീഡർ നിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനും കെ.എസ്.യുവും തമ്മിൽ കോൺഗ്രസിൽ ആരംഭിച്ച ആഭ്യന്തര തർക്കത്തിന് ചൂടേറുന്നു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി പിന്തുണച്ചും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ പരിഹാസം ഉയർത്തിയും ഓർത്തഡോക്‌സ് സഭ തൃശൂർ മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്തെത്തി.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ട ഒറ്റവരി പോസ്റ്റിലൂടെയാണ് മെത്രാപ്പൊലീത്ത കോൺഗ്രസിലെ ആഭ്യന്തര ചേരിതിരിവിനെ പരസ്യമായി വിമർശിച്ചത്. “കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാർട്ടിയേയും വടക്കേ ഇൻഡ്യൻ പരുവത്തിലാക്കും” എന്നായിരുന്നു യൂഹാനോൻ മാർ മിലിത്തിയോസിന്റെ കുറിപ്പ്. ഉത്തരേന്ത്യയിൽ കോൺഗ്രസ് തകർന്നതുപോലെ കേരളത്തിലും കെസി വേണുഗോപാൽ ഗ്രൂപ്പ് കളിച്ച് പാർട്ടിയെ തകർക്കുമെന്ന ഒളിയമ്പാണ് ഈ പോസ്റ്റിലുള്ളത്.
മെത്രാപ്പൊലീത്തയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കോൺഗ്രസ് അണികളും സൈബർ ഗ്രൂപ്പുകളും കമന്റ് ബോക്സിൽ ചേരിതിരിഞ്ഞ് വൻ വാക്പോര് ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിച്ചും കെ.സി. വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കിയുമാണ് ഒരു വിഭാഗം രംഗത്തെത്തിയത്.
“തിരുമേനി പറഞ്ഞത് തികച്ചും വാസ്തവമാണ്. വി.ഡി. സതീശനെ സമാധാനമായി ഭരിക്കാൻ കെ.സി സമ്മതിക്കില്ല. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വി.ഡി.ക്ക് അനുകൂലമാണ്. ഗ്രൂപ്പിസമില്ലാത്ത കോൺഗ്രസിനെയാണ് ജനങ്ങൾക്ക് ഇഷ്ടം,” എന്ന് ഒരു വിഭാഗം കമന്റ് ചെയ്തു.”മോഹഭംഗം സംഭവിച്ച ചെറുപ്പക്കാരെ കണ്ടുപിടിച്ച് ചാണകം വാരി എറിയിക്കുക എന്ന കലാപരിപാടിയാണ് കെ.സി നടത്തുന്നത്.
ബി.ജെ.പിയുടെ പണം വാങ്ങി ഉത്തരേന്ത്യൻ ലീഡേഴ്സിനെ മുഴുവൻ തീർത്ത് പാർട്ടിയുടെ പതിനാറടിയന്തിരവും നടത്തി. ഇനി സൗത്ത് ഇന്ത്യയാണ് ലക്ഷ്യം,” എന്നിങ്ങനെ കെ.സി. വേണുഗോപാലിനെതിരെ അതിരൂക്ഷമായ രാഷ്ട്രീയ ആരോപണങ്ങളും കമന്റുകളിൽ ഉയർന്നു.എന്നാൽ, കെ.എസ്.യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശനെ കടുത്ത ഭാഷയിൽ വിമർശിച്ചും മെത്രാപ്പൊലീത്തയുടെ രാഷ്ട്രീയ ഇടപെടലിനെ ചോദ്യം ചെയ്തും മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
“അത്രക്ക് വേദനയാണെങ്കിൽ തിരുമേനി ഈ ഉടുപ്പ് ഊരിവെച്ച് അങ്ങോട്ട് ഇറങ്ങി കോൺഗ്രസിനെ രക്ഷിക്കൂ,” എന്ന് ഒരു കമന്റർ കുറിച്ചു. “സംസ്ഥാനത്തെ പവർകട്ട് ഒക്കെ നന്നായിട്ടില്ലേ തിരുമേനി, സന്തോഷമായില്ലേ? അതിൽ കെ.സിക്ക് എന്താണ് റോൾ? ഇപ്പോൾ തന്നെ ‘സങ്കീശ മേനോൻ, സംഘികൾക്ക് വലിയ താല്പര്യമുള്ളതും ഭാവി കളികൾക്ക് നിക്ഷേപമാകുന്നതുമായ മിക്ക ഉന്നത പദവികളും അവർക്ക് നൽകിക്കഴിഞ്ഞു.
ഒന്ന് നെടുവീർപ്പിടാൻ പോലും ലീഗ്-ജമാഅത്ത്-സുഡാപ്പി സംഘത്തിനോ നാഴികയ്ക്ക് നാൽപ്പതുവട്ടം പിണറായിക്ക് ക്ലാസെടുത്തിരുന്ന മെത്രാൻ സംഘത്തിനോ കഴിഞ്ഞില്ല,” എന്ന് മുഖ്യമന്ത്രിയെ ആർഎസ്എസ് അനുകൂലിയായി ചിത്രീകരിച്ച് മറ്റൊരു കമന്റും പ്രത്യക്ഷപ്പെട്ടു
