കൊച്ചി: ലോകകപ്പ് ഫുട്ബോൾ ഫൈനൽ ആവേശത്തിൽ വിദ്യാർഥികൾക്ക് വിശ്രമിക്കാൻ അവധി പ്രഖ്യാപിച്ച് സ്കൂൾ മാനേജ്‌മെന്റ്. കൊച്ചി മരടിലുള്ള ഗ്രിഗേറിയൻ പബ്ലിക് സ്കൂളാണ് വ്യത്യസ്തമായ ഈ തീരുമാനവുമായി രംഗത്തെത്തിയത്.
ഫൈനൽ മത്സരം അർധരാത്രിയിൽ നടക്കുന്നതിനാൽ കുട്ടികൾക്കുണ്ടായേക്കാവുന്ന ക്ഷീണവും ഉറക്കക്കുറവും പരിഗണിച്ചാണ് തിങ്കളാഴ്ച സ്കൂളിന് അവധി നൽകിയത്.
കളി കണ്ട് കഴിഞ്ഞ് പിറ്റേദിവസം രാവിലെ കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. സ്കൂളിലെ കുട്ടികൾക്ക് ഫുട്ബോളിൽ വലിയ താല്പര്യമാണുള്ളതെന്നും, സ്കൂളിന് സ്വന്തമായി നിരവധി ഇന്റർ സ്കൂൾ ഫുട്ബോൾ ടീമുകളുണ്ടെന്നതും ഈ തീരുമാനത്തിന് കാരണമായെന്ന് പ്രിൻസിപ്പൽ സൂസൻ ബാരിഡ് പറഞ്ഞു.
ലോകകപ്പിന്റെ ഭാഗമായി ജൂലൈ പത്തിന് സ്കൂളിൽ പ്രത്യേക ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. പഠനത്തിന് മാത്രമല്ല, കുട്ടികളുടെ ഇത്തരം താല്പര്യങ്ങൾക്കും പ്രാധാന്യം നൽകണമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്നും, അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി രക്ഷിതാക്കൾ വിളിച്ച് അഭിനന്ദിച്ചെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
