മംഗളൂരു: മംഗളൂരുവിൽ ബസ് കാത്തുനിന്ന 21-കാരിയെ ബന്ധു വെട്ടിക്കൊന്നു. ബണ്ട്വാളിലെ ഉലി ഗ്രാമത്തിലെ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്. ബി.സി റോഡിലെ കെ.എസ്.ആർ.ടി.സി പുതിയ ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ വിറപ്പിച്ച കൊടുംക്രൂരത അരങ്ങേറിയത്.
ലാവണ്യയുടെ സ്വന്തം ബന്ധുവായ ചേതൻ എന്ന യുവാവാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ്. പ്രണയം നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ലാവണ്യയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ചോരയിൽ കുളിച്ചു വീണ ലാവണ്യയെ അവിടെയിട്ട് പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലാവണ്യയോട് ഇയാൾ പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായും, ഇത് നിരസിച്ചതിലുള്ള അടങ്ങാത്ത പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ പോലീസ് സൂപ്രണ്ട് അരുൺ കെ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കേസെടുത്ത പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.പ്രതി ചേതൻ സംഭവത്തിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി. ഐപിസി 302 വകുപ്പ് പ്രകാരം ബണ്ട്വാൾ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
