Site icon Fourteen Kerala – 14 Kerala News

റഫറിമാർ കപ്പ് എടുത്തുതരുന്നതല്ല, ഞങ്ങൾ പോരാടി നേടിയത്’; വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി ലിയോണൽ മെസി

അറ്റ്‌ലാന്റ: ഫിഫയുടെയും റഫറിമാരുടെയും വഴിവിട്ട സഹായത്തോടെയാണ് അർജന്റീന വീണ്ടും ലോകകപ്പ് ഫൈനലിൽ എത്തിയതെന്ന വിമർശകർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ക്യാപ്റ്റൻ ലിയോണൽ മെസി. സെമിയിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ എത്തിയതിന് പിന്നാലെയായിരുന്നു മെസിയുടെ പ്രതികരണം.

മത്സരത്തിൽ ഒടുവിൽ മെസിയുടെ രണ്ട് മാന്ത്രിക അസിസ്റ്റുകളിലാണ് അർജന്റീന ആറ് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടി മത്സരം തിരിച്ചുപിടിച്ചത്. തുടക്കം മുതൽ അർജന്റീനയ്ക്ക് അനുകൂലമായി റഫറിമാർ തീരുമാനങ്ങൾ എടുക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളെക്കുറിച്ച് മെസി തുറന്നടിച്ചു: “ഇത് ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ അവർ എന്തും പറയട്ടെ. മൈതാനത്ത് ഞങ്ങൾക്ക് ആരും ഒന്നും വെറുതെ തരുന്നില്ലെന്ന് ഞങ്ങൾ ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. സംശയങ്ങളുടെ നിഴലിലാണ് ഞങ്ങൾ ഈ ടൂർണമെന്റിലേക്ക് എത്തിയത്. എങ്കിലും ഈ ടീമിന്റെ പോരാട്ടവീര്യത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞങ്ങൾ പരാജയപ്പെടാൻ കാത്തിരുന്നവർക്ക് മൈതാനത്ത് തന്നെ മറുപടി നൽകി.”

“ഞങ്ങൾ ഇംഗ്ലണ്ടിനോട് തോറ്റിരുന്നെങ്കിൽ പലരും ഞങ്ങളെക്കുറിച്ച് പല അസംബന്ധങ്ങളും വിളിച്ചുപറയുമായിരുന്നു. എന്നാൽ അതിനുള്ള അവസരം ഞങ്ങൾ കൊടുത്തില്ല,” മെസി വ്യക്തമാക്കി.തന്റെ നീണ്ട കരിയറിൽ ആദ്യമായിട്ടാണ് മെസി ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. 40 വർഷങ്ങൾക്ക് മുൻപ് (1986 ലോകകപ്പിൽ) ഡീഗോ മറഡോണ ചരിത്രപ്രസിദ്ധമായ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോളും ‘നൂറ്റാണ്ടിന്റെ ഗോളും’ നേടി ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഓർമ്മകൾ പങ്കുവെച്ച താരം, ഈ ജയം മറഡോണയ്ക്കാണ് സമർപ്പിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

“തീർച്ചയായും ഡീഗോ മുകളിൽ ഇരുന്ന് ഇത് വളരെയധികം ആസ്വദിക്കുന്നുണ്ടാകും. അദ്ദേഹത്തിന് ഈ സന്തോഷം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്,” മെസി പറഞ്ഞു.
നിലവിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ റേസിൽ ഏറ്റവും മുന്നിലാണ് 39-കാരനായ മെസി. ഞായറാഴ്ച മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ അർജന്റീന സ്പെയിനിനെ നേരിടും.

Exit mobile version