പാലക്കാട്: നെൻമാറയിൽ സുധാകരൻ, ഷാനിബ എന്നിവരെ കൊലപ്പെടുത്തിയ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച പാലക്കാട് അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. കേസിലെ വിധി പറയുന്നതിന് മുന്നോടിയായി പ്രതിയുടെ ചികിത്സയും മാനസിക നിലയും സംബന്ധിച്ച ചെന്താമരയുടെ കൗൺസിലിംഗ് റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചിരുന്നു.
എന്നാൽ ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രതി പറഞ്ഞ കാര്യങ്ങൾ അതേപടി പകർത്തി വെക്കുക മാത്രമാണ് മിറ്റിഗേഷൻ റിപ്പോർട്ടിൽ ചെയ്തിരിക്കുന്നതെന്നും, പ്രോസിക്യൂഷന്റെ കണ്ടെത്തലുകൾ അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
“പ്രതിക്ക് ചികിത്സ കൊടുക്കാത്തത് കൊണ്ടാണ് രണ്ടാമത്തെ കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് എങ്ങനെ അംഗീകരിക്കാനാകും?” എന്ന് പ്രോസിക്യൂഷൻ ചോദിച്ചു.ജയിലിൽ ജോലി ചെയ്ത് കിട്ടുന്ന പണം ഇരകളായ സുധാകരന്റെ മക്കൾക്ക് നൽകാമെന്നായിരുന്നു പ്രതി ചെന്താമരയുടെ വാദം. എന്നാൽ ഇതും പ്രോസിക്യൂഷൻ നിരാകരിച്ചു.
“ചെന്താമരയുടെ ഏക ദുഃഖം ഭാര്യയും മകളും തന്നെ വിട്ടുപോയത് മാത്രമാണ്” എന്നും പ്രോസിക്യൂഷൻ വാദിച്ചു.അതേസമയം പ്രതിഭാഗം വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. “പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക” എന്ന നയമാണ് പ്രതിയുടെ കാര്യത്തിൽ സ്വീകരിക്കേണ്ടതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
ഭാവിയിൽ പ്രതിക്ക് മാനസാന്തരം ഉണ്ടായേക്കാമെന്നും ജീവപര്യന്തത്തിന് പകരം തിരുത്താനുള്ള അവസരം നൽകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. നെൻമാറയിൽ നടന്ന ഇരട്ടക്കൊല കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കേസിലെ വാദം കേട്ട ശേഷമാണ് കോടതി വിധി പറയുന്നത്. ശിക്ഷാവിധി സംബന്ധിച്ചുള്ള തീരുമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നാണ് സൂചന.
