ബെംഗളൂരു: പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പേരിൽ കത്തികൊണ്ട് കുത്തേറ്റ നിയമവിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ബെംഗളൂരു ജെ ബി നഗർ സ്വദേശിനിയായ അമൃത (22) ആണ് 48 മണിക്കൂറോളം മരണത്തോട് മല്ലടിച്ചതിന് ശേഷം ജീവൻ നഷ്ടമായത്.
ഇക്കഴിഞ്ഞ 13-ാം തീയതി വൈകുന്നേരം എച്ച്എഎൽ റോഡിലെ കൊടിഹള്ളിയിൽ, അമൃതയുടെ വീടിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യം കാരണം അമൃതയുടെ സുഹൃത്ത് ധനുഷിന്റെ ഇളയ സഹോദരൻ സൂര്യ കത്തിയുമായെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു.
യുവതിയുടെ നെഞ്ചിലും പുറത്തുമാണ് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ അമൃതയെ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ബുധനാഴ്ച വൈകുന്നേരത്തോടെ യുവതി മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സിവി രാമൻ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സൂര്യയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തുടർന്ന് ധനുഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജെ ബി നഗർ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.ഒരേ നാട്ടുകാരായ അമൃതയുടെയും ധനുഷിന്റെയും കുടുംബങ്ങൾ മതപരമായ ചടങ്ങിൽ വെച്ചാണ് പരിചയപ്പെടുന്നത്.
പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ ധനുഷ് വിവാഹമോചിതനാണെന്നും മുൻ ഭാര്യയിൽ കുട്ടിയുണ്ടെന്നും അറിഞ്ഞതോടെ അമൃത ബന്ധം അവസാനിപ്പിച്ചു. ഇതിൽ പ്രകോപിതനായ സൂര്യയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ കൊലക്കുറ്റം, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
