Site icon Fourteen Kerala – 14 Kerala News

മെസിയുടെ ‘ഭാഗ്യ റഫറി’ വരുന്നു; അർജന്‍റീന-ഇംഗ്ലണ്ട് സെമിയിൽ ഫറിയായി ഇസ്മായിൽ എൽഫാത്തിനെ പ്രഖ്യാപിച്ചു, ആശങ്കയിൽ ഇംഗ്ലണ്ട് ആരാധകർ

അറ്റ്‌ലാന്‍റ: അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ലോകപ്പ് സെമി ഫൈനൽ മത്സരം നിയന്ത്രിക്കാൻ ഫിഫ നിയോഗിച്ച റഫറിയെച്ചൊല്ലി ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാണ് നടക്കുന്നത്. മൊറോക്കൻ-അമേരിക്കൻ റഫറിയായ ഇസ്മായിൽ എൽഫാത്തിനെയാണ് ഈ നിർണായക മത്സരത്തിന്‍റെ പ്രധാന റഫറിയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ പ്രഖ്യാപനം പുറത്തുവന്നതോടെ അർജന്‍റീന ആരാധകർ ആവേശത്തിലായപ്പോൾ ഇംഗ്ലണ്ട് ആരാധകർ ആശങ്കയിലായിരിക്കുകയാണ്. കാരണം വ്യക്തമാണ്. ലിയോണൽ മെസി കളിക്കുന്ന ഒരു മത്സരത്തിൽ പോലും ഇതുവരെ എൽഫാത്ത് റഫറിയായപ്പോൾ മെസിയുടെ ടീം തോറ്റിട്ടില്ല.മെസി കളിച്ച അഞ്ച് അന്താരാഷ്ട്ര, ക്ലബ് മത്സരങ്ങളിൽ എൽഫാത്ത് റഫറിയായോ ഫോർത്ത് ഒഫീഷ്യലായോ ഉണ്ടായിരുന്നു.

ഈ അഞ്ച് മത്സരങ്ങളിലും വിജയം കണ്ടത് മെസിയുടെ ടീം മാത്രമാണ്. 2022-ൽ ഖത്തറിൽ അർജന്‍റീന ഫ്രാൻസിനെ തോൽപ്പിച്ച് ലോകിരീടം നേടിയ ഫൈനൽ മത്സരത്തിൽ ഫോർത്ത് ഒഫീഷ്യൽ എൽഫാത്ത് ആയിരുന്നു.

അതുപോലെ മെസി ഇന്‍റർ മിയാമിക്ക് വേണ്ടി ആദ്യ കിരീടം നേടിയ 2023-ലെ ലീഗ്സ് കപ്പ് ഫൈനലും നിയന്ത്രിച്ചത് അദ്ദേഹമായിരുന്നു.ഈ ‘ഭാഗ്യ റഫറി’ റെക്കോർഡ് പുറത്തുവന്നതോടെ ഫിഫയുടെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ഇംഗ്ലണ്ട് ആരാധകർ രംഗത്തെത്തി. എന്നിരുന്നാലും, എൽഫാത്തിന്‍റെ റഫറിയിങ് മത്സരഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നതിന് ഇതുവരെ യാതൊരു തെളിവുമില്ല.
44 കാരനായ ഇസ്മായിൽ എൽഫാത്ത് ഈ ലോകകപ്പിൽ നിയന്ത്രിക്കുന്ന നാലാമത്തെ മത്സരമാണിത്. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാൻ-നെതർലൻഡ്സ്, സ്പെയിൻ-ഉറുഗ്വേ മത്സരങ്ങളും നോക്കൗട്ടിൽ ബ്രസീൽ-നോർവേ മത്സരവും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. അമേരിക്കക്കാരായ കോറി പാർക്കർ, കൈൽ അറ്റ്കിൻസ് എന്നിവരായിരിക്കും അസിസ്റ്റന്റ് റഫറിമാർ.

മൊറോക്കോയിലെ കാസബ്ലാങ്കയിൽ ജനിച്ച എൽഫാത്ത് 2001-ൽ ഡൈവേഴ്സിറ്റി വിസയിൽ അമേരിക്കയിലെത്തി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം ഐടി സെയിൽസ് ജോലിക്കൊപ്പമാണ് റഫറിങ് തുടങ്ങിയത്. 2012-ൽ എംഎൽഎസ് ഫുൾ ടൈം റഫറിയായ അദ്ദേഹം 2020-ലും 2022-ലും റഫറി ഓഫ് ദി ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്.

Exit mobile version