Site icon Fourteen Kerala – 14 Kerala News

ദൈവത്തിന്റെ കൈ’ തൊട്ട ജേഴ്സി; ഇംഗ്ലണ്ടിനെതിരെ അർജന്റീന നേവി ബ്ലൂ ജേഴ്സിയിൽ പിന്നിൽ ചരിത്രവും ‘ഭാഗ്യ’വിശ്വാസവും

അറ്റ്ലാന്റ: ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ അർജന്റീന തങ്ങളുടെ പരമ്പരാഗത ആകാശനീലയും വെള്ളയും വരകളുള്ള ഹോം ജേഴ്സിക്ക് പകരം നേവി ബ്ലൂ ജേഴ്സി ധരിച്ച് കളത്തിലിറങ്ങും. ജേഴ്സി നിറങ്ങളിലെ ആശയക്കുഴപ്പം ഒഴിവാക്കാനുള്ള ഫിഫയുടെ നിർദേശപ്രകാരമാണ് മാറ്റമെങ്കിലും ഇതിന് പിന്നിൽ ഒരു ‘ഭാഗ്യ’ചരിത്രമുണ്ടെന്നാണ് അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇംഗ്ലണ്ടിനെതിരെ അർജന്റീന നേടിയ ഏറ്റവും വലിയ രണ്ട് ലോകകപ്പ് വിജയങ്ങളും നേവി ⁠ബ്ലൂ ജേഴ്സിയിലായിരുന്നു. ഡീഗോ മറഡോണയുടെ ഐതിഹാസികമായ ‘ദൈവത്തിന്റെ കൈ’ ഗോളും ‘നൂറ്റാണ്ടിന്റെ ഗോളും’ പിറന്ന 1986-ലെ ക്വാർട്ടർ ഫൈനലിലും, 1998-ലെ പ്രീ-ക്വാർട്ടറിലും ഇംഗ്ലണ്ടിനെ തോൽപ്പിക്കുമ്പോൾ അർജന്റീനയുടെ വേഷം നേവി ബ്ലൂ ആയിരുന്നു. എന്നാൽ 2002-ൽ ഹോം ജേഴ്സി ഇട്ട് കളിച്ചപ്പോൾ അർജന്റീന ഇംഗ്ലണ്ടിനോട് തോറ്റു. അതുകൊണ്ടുതന്നെ ഈ നീലക്കുപ്പായം തങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് അർജന്റീന.

ടൂർണമെന്റിൽ ഇതിന് മുൻപ് ജോർദാനെതിരായ മത്സരത്തിൽ മാത്രമാണ് അർജന്റീന നേവി ബ്ലൂ ധരിച്ചത്. അന്ന് 3-1 ന് അവർ ജയിച്ചിരുന്നു. അതേസമയം ഇംഗ്ലണ്ട് തങ്ങളുടെ പരമ്പരാഗത വെള്ള ജേഴ്സിയിലാകും ഇറങ്ങുക. ക്വാർട്ടറിൽ നോർവേയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ടും, സ്വിറ്റ്സർലൻഡിനെ വീഴ്ത്തി അർജന്റീനയും സെമിയിലെത്തിയത്.

Exit mobile version