Site icon Fourteen Kerala – 14 Kerala News

അവൻ തന്നെ ചെയ്തതാ സാറേ, എന്റെ കൊച്ച് സ്വയം മരിക്കില്ല’; ഷെഹനയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

പത്തനംതിട്ട:അടൂർ കോട്ടമുറിയിൽ ഷെഹനയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് .ഇന്നലെ രാത്രിയാണ് ഷെഹനയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു.

സംഭവസമയം വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്താണ് മകളെ കൊലപ്പെടുത്തിയതെന്നും ഷെഹനയുടെ മാതാവ് ആരോപിച്ചു. “അവൻ തന്നെ ചെയ്തതാ സാറേ… ഞങ്ങൾക്ക് മൊത്തത്തിൽ സംശയമുണ്ട്. അവന്റെ ബൈക്ക് ഇവിടെയുണ്ടല്ലോ. എന്നിട്ട് അവൻ തന്നെ എല്ലാവരെയും വിളിച്ച് അറിയിച്ചു. വേറെ ആര്‍ക്കെങ്കിലും പങ്ക് ഉണ്ടോയെന്ന് അറിയില്ല. എന്റെ കൊച്ച് സ്വയം മരിക്കില്ല’ എന്ന് മാതാവ് പറഞ്ഞു .

അതേസമയം വീട്ടിൽ നിന്ന് ബഹളം കേട്ടതിനെത്തുടർന്ന് അയൽവാസികൾ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നഗരസഭാ കൗൺസിലർ ഉൾപ്പെടെയുള്ളവർ എത്തി വാതിൽ തുറന്നപ്പോൾ ഷെഹനയുടെ ആൺസുഹൃത്ത് അകത്തുനിന്ന് പുറത്തുവരികയായിരുന്നു. അകത്ത് കയറി പരിശോധിച്ചപ്പോൾ സ്റ്റെയർകേസിന്റെ ഭാഗത്ത് ഷെഹനയെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.

ഉടൻ തന്നെ അടൂർ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും കസ്റ്റഡിയിലുള്ള യുവാവിന്റെയും ശരീരത്തിൽ രക്തപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കേസിൽ കൂടുതൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Exit mobile version