പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്നതായി പരാതി. ആശുപത്രിയുടെ ഏഴാം നിലയിലെ വരാന്തയിലെ തറയിലാണ് മരുന്നുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്.
മരുന്നുകൾ സൂക്ഷിച്ച പല പെട്ടികളും പൊട്ടിയ നിലയിലാണ്. പായ്ക്ക് ചെയ്ത പെട്ടികളിൽ നിന്നും ചില ഫ്ലൂയിഡ് കുപ്പികൾ പുറത്തേക്ക് വീണുകിടക്കുകയാണ്. ഇത് അലക്ഷ്യമായി കൈകാര്യം ചെയ്തപ്പോൾ നിലത്തു വീണതാണോ അതോ വരാന്തയിലൂടെ ഓടിനടക്കുന്ന എലിയോ മറ്റോ കടിച്ചു പുറത്തിട്ടതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്ന ഈ മരുന്നുപെട്ടികൾക്കിടയിൽ ഇഴജീവികളുടെ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുപോലെ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. വരാന്തയിൽ വലിയ തോതിൽ മരുന്നുപെട്ടികൾ കുന്നുകൂട്ടിയിട്ടിരിക്കുന്നതിനാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്ട്രെച്ചറിലും വീൽചെയറിലും വാർഡുകളിലേക്ക് കൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.
ആശുപത്രി ജീവനക്കാരും രോഗികളും ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കി ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള സംവിധാനം അടിയന്തരമായി ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
