Site icon Fourteen Kerala – 14 Kerala News

തായ്‌ലൻഡിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ ഒഴുക്ക്; പ്രധാന കണ്ണികളായ കോഴിക്കോട് സ്വദേശികൾ പിടിയിൽ

എറണാകുളം: പെരുമ്പാവൂരില്‍ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയിലെ രണ്ടുപേര്‍ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ഫായിസ് (38), ജഗത്ത് (29) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തായ്‌ലന്‍ഡില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് വിതരണക്കാരിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളില്‍ നിന്ന് ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അബു താഹിർ, ഹരികൃഷ്ണൻ, പ്രെസ്ജിത്ത്, ശ്രീജേഷ്, സഞ്ജയ് എന്നിവരെയും വിവിധ സ്ഥലങ്ങളിൽ നിന്നായി പൊലീസ് പിടികൂടിയിരുന്നു. പ്രധാന പ്രതിയായ അബു താഹിറിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാസം മാറമ്പിള്ളി കുന്നുവഴിയിൽ നിന്ന് 18 കോടി രൂപ വിലമതിക്കുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളായ ആയുഷിനെയും അനികയെയും പിടികൂടിയതോടെയാണ് കേസിൽ അന്വേഷണം വ്യാപകമായത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന തുടരന്വേഷണത്തിലാണ് ഇപ്പോൾ പിടിയിലായ ഫായിസും ജഗത്തും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തെ പൊലീസ് വലയിലാക്കിയത്. ഇന്ത്യയ്ക്കകത്തും പുറത്തും വേരുകളുള്ള വലിയൊരു ലഹരിവിതരണ ശൃംഖലയാണ് തായ്‌ലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Exit mobile version