കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ വെച്ച് നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിക്കും.
കാപ്പാ കേസിൽ തടവിലായതിനാൽ സുഗതനെ പുറത്തുവിടാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. സത്യപ്രതിജ്ഞയ്ക്കായി താൽക്കാലികമായി ജാമ്യം അനുവദിക്കണമെന്ന സുഗതന്റെ ഹർജിയിലാണ് ഈ തീരുമാനം.ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഗതൻ ഉൾപ്പെടെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
മറ്റുള്ളവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാൽ സുഗതന് അതിന് കഴിഞ്ഞിരുന്നില്ല. കോടതി അനുമതിയോടെ സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമാകുമായിരുന്നു.
ആറുമാസത്തെ കാപ്പാ തടവ് ഉപദേശക സമിതി ശരിവെച്ചതിനാൽ സുഗതന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ജയിലിൽ വെച്ച് സത്യപ്രതിജ്ഞ നടത്താൻ വഴിയൊരുങ്ങുന്നത്. ആദ്യം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയാണ് വിഷയം പരിഗണിക്കേണ്ടതെന്ന പ്രോസിക്യൂഷൻ നിലപാടിനെ തുടർന്നാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്.
