മലപ്പുറം: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ. മാറഞ്ചേരി പുത്തൻ പുരയിൽ നിബ്രാസ് (26) ആണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. നേരത്തെ മറ്റൊരു പോക്സോ കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതിക്കെതിരെ, മറ്റൊരു വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുതിയ കേസ് കൂടി ചുമത്തുകയായിരുന്നു.
കോച്ചിന്‍റെ പീഡനത്തെപ്പറ്റി ഒന്നിലധികം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരോട് പരാതി നൽകിയിരുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ്, മഞ്ചേരി കോടതിയിൽ നിന്ന് പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി.
ഫുട്ബോൾ പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പുതിയ നടപടി. പീഡന വിവരം കുട്ടി ആദ്യം സ്കൂൾ അധികൃതരോടാണ് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പരിശീലന കേന്ദ്രത്തിൽ പെൺകുട്ടികൾക്ക് കൂടുതൽ പരിശീലനം നൽകി വന്നിരുന്ന പ്രതി, ഈ അവസരം മുതലെടുത്ത് പലരെയും പീഡനത്തിന് ഇരയാക്കിയതായി സംശയമുണ്ട്.പ്രതിക്കെതിരെ മൊഴി കൊടുക്കുന്നതില്‍നിന്ന് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കളില്‍ ചിലര്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
