അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അനധികൃതമായി സിംഹങ്ങളെ കാണാൻ വനമേഖലയിലേക്ക് പ്രവേശിച്ച സംഘത്തിലെ 21കാരൻ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സോഹിൽ മേമൻ എന്ന യുവാവാണ് മരിച്ചത്.
ജൂലൈ എട്ടിന് വൈകുന്നേരം ലിലിയ താലൂക്കിലെ ലുവാരിയ റിസർവ് വനത്തിന്റെ അതിർത്തിയിലാണ് സംഭവം. പണം വാങ്ങി ആളുകളെ അനധികൃതമായി കാട്ടിലേക്ക് കൊണ്ടുപോകുന്ന സംഘത്തിനൊപ്പമാണ് സോഹിൽ എത്തിയത്.
ഇണചേരുന്ന സമയത്ത് സിംഹങ്ങളെ അടുത്തുചെന്ന് ശല്യപ്പെടുത്തിയതാണ് ആക്രമണത്തിന് കാരണമായതെന്ന് വനംവകുപ്പ് പറഞ്ഞു. ആക്രമണത്തിന് ശേഷം സിംഹം യുവാവിന്റെ മൃതദേഹം കാട്ടിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയും ഏറെ നേരം കാവലിരിക്കുകയും ചെയ്തു. പിന്നീട് വനംവകുപ്പിന്റെ പ്രത്യേക സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
സംഭവത്തിൽ സോഹിലിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്.
തെളിവ് നശിപ്പിക്കാനായി ഇവർ മൊബൈൽ ഫോണിലെ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്യുകയും ഫോൺ ഫോർമാറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാൻ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. മേഖലയിലെ അനധികൃത ‘ലയൺ സഫാരി’ സംഘങ്ങളെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
