മലപ്പുറം: ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച അധ്യാപകൻ അറസ്റ്റിൽ . കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസ് സ്കൂൾ അധ്യാപകൻ ബൽരാജിനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ വലിയ ചൂരൽ കൊണ്ട് കുട്ടിയുടെ കൈപ്പത്തിക്ക് മുകളിൽ അടിക്കുകയായിരുന്നുവെന്ന് വിദ്യാർഥിനി പറഞ്ഞു. കൈക്ക് പൊട്ടലേറ്റ വിവരമറിയാതെ ഇതേ കൈകൊണ്ട് കുട്ടിയെ നിർബന്ധിച്ച് ബോർഡിൽ എഴുതിക്കുകയും ചെയ്തു.
കൈ വീർത്തുവന്നതോടെ അധ്യാപകരും പ്രധാന അധ്യാപകനും ചേർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ കുടുംബം പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.
