Site icon Fourteen Kerala – 14 Kerala News

കാസർഗോഡ് മൊഗ്രാലിൽ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, നാലംഗ അതിഥി തൊഴിലാളി സംഘത്തിനെതിരെ കേസ്

കാസർഗോഡ് : കുമ്പള മൊഗ്രാലിൽ യുവാവിനെ തടഞ്ഞുനിർത്തി അതിഥി തൊഴിലാളി സംഘം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി.

ഗുരുതരമായി പൊള്ളലേറ്റ കർണാടക ഹുബ്ലി സ്വദേശി അബ്ദുൽ ഗഫൂർ (45) കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. തേപ്പ് മേസ്ത്രിയായ ഗഫൂർ വർഷങ്ങളായി മൊഗ്രാൽ കൊപ്പളത്ത് വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 5.30 മണിയോടെ മൊഗ്രാൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമാണ് സംഭവം നടന്നത്. പതിവുപോലെ താമസസ്ഥലത്ത് നിന്ന് ദേശീയപാതയിലേക്ക് നടന്ന് പോകുകയായിരുന്ന അബ്ദുൽ ഗഫൂറിനെ റെയിൽവേ അടിപ്പാതയ്ക്ക് സമീപം കുറ്റിക്കാട്ടിൽ പതിയിരുന്ന നാലംഗ സംഘം ആക്രമിക്കുകയായിരുന്നു.

അക്രമികൾ ഇയാളെ തടഞ്ഞുനിർത്തിയ ശേഷം ഒരാൾ ദേഹത്ത് മണ്ണെണ്ണയൊഴിക്കുകയും മറ്റൊരാൾ തീകൊളുത്തുകയും ചെയ്തുവെന്നാണ് അബ്ദുൽ ഗഫൂർ നൽകിയ മൊഴി. തീ ആളിപ്പടർന്നതോടെ അക്രമിസംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.അബ്ദുൽ ഗഫൂറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് തീയണച്ച് ഉടൻ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേറ്റെങ്കിലും ജീവൻ അപകടത്തിലല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സീതാംഗോളിയിലെ ഒരു കെട്ടിടത്തിന്റെ തേപ്പ് ജോലിയുമായി ബന്ധപ്പെട്ട് അക്രമിസംഘത്തിന് 3,000 രൂപ നൽകാനുണ്ടായിരുന്നുവെന്ന് അബ്ദുൽ ഗഫൂർ പറഞ്ഞു.
എന്നാൽ, ജോലി ഏൽപ്പിച്ച എഞ്ചിനീയറിൽ നിന്ന് 18,000 രൂപ ലഭിക്കാനുണ്ടെന്നും ആ തുക ലഭിച്ചാൽ തൊഴിലാളികൾക്ക് നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും ഗഫൂർ വ്യക്തമാക്കി.

ആക്രമണത്തിന് തലേദിവസം പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ഒരാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അബ്ദുൽ ഗഫൂർ പറഞ്ഞു.
ഈ ഭീഷണിയും ആക്രമണവും തമ്മിൽ ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അതിഥി തൊഴിലാളികളായ ശരവണൻ, ലിംഗം, മേരി, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് അബ്ദുൽ ഗഫൂർ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.

പ്രതികളിൽ മേരിയും മറ്റ് ചിലരും തളങ്കര മാലിക് ദീനാർ പള്ളിക്ക് സമീപത്തെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നതെന്നാണ് വിവരം. സംഭവത്തിൽ കുമ്പള പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.പ്രതികളെ കണ്ടെത്താൻ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Exit mobile version