ബീജിങ്: ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 28 പേർക്ക് ദാരുണാന്ത്യം. ഫുജിയാൻ പ്രവിശ്യയിലെ ജിൻജിയാങ് നഗരത്തിലുള്ള ഹുയിറ്റെങ് ഷൂസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് പ്രസിഡൻ്റ് ഷി ജിൻപിങ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
അപകട സമയത്ത് ഫാക്ടറിയിൽ ഏകദേശം 240 ഓളം പേർ ഉണ്ടായിരുന്നു. താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അവിടെ എളുപ്പത്തിൽ തീപിടിക്കുന്ന ഷൂ നിർമാണ വസ്തുക്കളും പശകളും സൂക്ഷിച്ചിരുന്നു. ഇത് വേഗത്തിൽ തീ പടരാൻ കാരണമായി.
തീ അണയ്ക്കുന്നതിനും ആളുകളെ രക്ഷപ്പെടുത്തുന്നതിനുമായി 500 ലധികം പേരെ അധികൃതർ അയച്ചതായി സംസ്ഥാന മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബസി റിപ്പോർട്ട് ചെയ്തു.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനും അപകടത്തിൻ്റെ കാരണം കണ്ടെത്തുന്നതിനും ആവശ്യമായ എല്ലാ കാര്യങ്ങളും നിർബന്ധമായും ചെയ്യണമെന്ന് ഷി ജിൻപിങ് നിർദേശം നൽകി.
