Site icon Fourteen Kerala – 14 Kerala News

ചരക്കുവിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി, പിന്നാലെ അറബിക്കടലിലേക്ക് കുത്തനെ പതിച്ചു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ

കറാച്ചി: ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട കെ2 എയർവേയ്‌സിന്റെ ചരക്കുവിമാനം അറബിക്കടലിൽ തകർന്നുവീണു. അപകടം നടന്ന് 12 മണിക്കൂറിന് ശേഷം ഒർമാര തുറമുഖത്തിന് തെക്ക് 53 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് അപകടം സ്ഥിരീകരിച്ചത്. അഞ്ച് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച രാത്രി 9:18-ഓടെ വിമാനത്തിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതായി കൺട്രോൾ റൂമിലേക്ക് സന്ദേശമെത്തിയിരുന്നു. ഇതിനു പിന്നാലെ ആശയവിനിമയം നിലയ്ക്കുകയും വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം അസാധാരണമാംവിധം ഉയരത്തിൽ മാറ്റങ്ങൾ സംഭവിച്ച വിമാനം, മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ 36,550 അടി ഉയരത്തിൽ നിന്ന് കടലിലേക്ക് കുത്തനെ പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരായ മുഹമ്മദ് രിസ്‌വാൻ ഇദ്‌രീസ്, ഫൈസൽ ജതോയ്, എഞ്ചിനീയർമാരായ മുഹമ്മദ് ഹാമിദ്, മുഹമ്മദ് ആരിഫ് സിദ്ദിഖി, ലോഡർ മുഹമ്മദ് തൗഫീഖ് ഖാൻ എന്നിവർക്കായി പാകിസ്താൻ നാവികസേനയുടെയും മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

അപകടത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. 27 വർഷം പഴക്കമുള്ള ഈ ബോയിങ് 737-400 വിമാനം 2012-ലാണ് ചരക്കുവിമാനമാക്കി മാറ്റിയത്. കെ2 എയർവേയ്‌സിന്റെ ഏക വിമാനമായിരുന്നു ഇത്. സംഭവത്തിൽ അന്വേഷണത്തിനായി അമേരിക്കൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ബോയിങ് കമ്പനിയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Exit mobile version