കോഴിക്കോട്: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്കും ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനത്തിനും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി നിരോധനം ഏർപ്പെടുത്തി.
തുടർച്ചയായി നാല് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നത് വരെ ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുക്കൽ എന്നിവ പൂർണമായും നിർത്തിവെക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. ഇതിനു പുറമെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശകരുടെ വരവും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിലക്കിയിട്ടുണ്ട്.
ദുരന്ത നിവാരണ നിയമം 2005-ലെ സെക്ഷൻ 26, 30 എന്നിവ പ്രകാരമാണ് നടപടി. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന മലയോര മേഖലകളിലും ചുരം പാതകളിലും രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ പൊതുജനങ്ങളോട് നിർദേശിച്ചു. റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം ഓർമ്മിപ്പിക്കുന്നു.
