Site icon Fourteen Kerala – 14 Kerala News

ബംഗാളില്‍ ബലാത്സംഗക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവാവ് നിരപരാധിയെന്ന് പൊലീസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബരുയിപ്പൂരിൽ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ, ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവ് നിരപരാധിയായിരുന്നുവെന്ന് പൊലീസ്.

ഇന്ദ്രജിത്ത് മണ്ഡൽ എന്ന യുവാവാണ് ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഇന്ദ്രജിത്തിന്റെ കുടുംബത്തെ സുവേന്ദു അധികാരി സന്ദർശിക്കുകയും നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇന്ദ്രജിത്ത് നിരപരാധിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അക്രമികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രധാന പ്രതികളായ പ്രവാഷ് മണ്ഡൽ, ആനന്ദ സർദാർ, ദിബാകർ സർദാർ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രവാഷ് മണ്ഡൽ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നാലാം പ്രതി കബീർ മൊല്ലയും പിടിയിലായിട്ടുണ്ട്.

പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികാതിക്രമവും പരിക്കുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഭവത്തെത്തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിനിടെ പൊലീസ് വാഹനങ്ങൾ തകർത്തതിനും ഇന്ദ്രജിത്തിനെ തല്ലിക്കൊന്നതിനും നിലവിൽ ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം, പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട പ്രതി പ്രവാഷ് മണ്ഡലിന്റെ മൃതദേഹം ഏറ്റെടുക്കാൻ അമ്മ സന്ധ്യ മണ്ഡൽ വിസമ്മതിച്ചു. അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചുകഴിഞ്ഞെന്നും ലഹരിക്ക് അടിമയായ മകന്റെ മൃതദേഹം കാണാൻ പോലും താല്പര്യമില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version