Site icon Fourteen Kerala – 14 Kerala News

ഞാനൊന്ന് നോക്കിയാൽ പോലും അവർ കഥയുണ്ടാക്കും’; മാധ്യമപ്രവർത്തക സോഫിയയുമായുള്ള ഗോസിപ്പുകൾക്ക് മറുപടി നൽകി മെസി

ബ്യൂണസ് ഐറിസ്: അർജന്റൈൻ മാധ്യമപ്രവർത്തക സോഫിയ മാർട്ടിനെസിനെ ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് നേരിട്ട് മറുപടി നൽകി ഫുട്ബോൾ താരം ലിയോണൽ മെസി.

ലോകകപ്പ് വേദിയിൽ വെച്ച് സോഫിയയെ വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് മെസി കടുത്ത തമാശ രൂപേണ ഗോസിപ്പുകാരെ ട്രോളിയത്. “ഞാനൊന്ന് നോക്കിയാൽ എന്തിന് നോക്കിയെന്ന് അവർ ചോദിക്കും, അഭിവാദ്യം ചെയ്താൽ എന്തിന് അഭിവാദ്യം ചെയ്തുവെന്നാകും ചോദ്യം,” എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ മെസി, സോഫിയയെ ആലിംഗനം ചെയ്തുകൊണ്ടാണ് വ്യാജ വാർത്തകളെ തമാശയാക്കി തള്ളിക്കളഞ്ഞത്.
ഖത്തർ ലോകകപ്പിലെ ഒരു അഭിമുഖത്തിനിടെ സോഫിയ മെസിയെ നോക്കി സംസാരിച്ച രീതിയും മെസിയുടെ മുഖഭാവവും ചേർത്തുവെച്ചായിരുന്നു മുൻപ് പാപ്പരാസികൾ ഗോസിപ്പുകൾ ഉണ്ടാക്കിയിരുന്നത്.

മെസിയും സോഫിയയും തമ്മിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് വലിയ രീതിയിൽ വ്യാജ വാർത്തകൾ പ്രചരിക്കുമ്പോൾ, സോഫിയയ്ക്ക് ശക്തമായ പിന്തുണയുമായി മെസിയുടെ ഭാര്യ ആന്റൊനെല്ല റൊക്കൂസോയും രംഗത്തെത്തി.ഇത്തരം അസംബന്ധ പ്രചാരണങ്ങൾ പൂർണ്ണമായും അവഗണിച്ച് മുന്നോട്ട് പോകാൻ ആന്റൊനെല്ല സോഫിയയ്ക്ക് സന്ദേശം അയച്ചു. ഒരു സ്ത്രീയായതുകൊണ്ടാണ് സോഫിയയ്ക്ക് ഇത്തരം ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സോഫിയയുടെ ലോകകപ്പ് അക്രഡിറ്റേഷൻ റദ്ദാക്കാൻ ആന്റൊനെല്ല ഇടപെട്ടുവെന്ന് വരെ ഇതിനിടയിൽ പാപ്പരാസികൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം പൂർണ്ണമായും തള്ളിക്കളയുന്നതാണ് ആന്റൊനെല്ലയുടെ പ്രതികരണം.

മുൻപ് നടന്ന അഭിമുഖങ്ങളിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് സോഷ്യൽ മീഡിയയിൽ ഇരുവരെയും കുറിച്ച് വ്യാജ കഥകൾ നിർമ്മിച്ചിരുന്നത്. എന്നാൽ മെസിയും ഭാര്യ ആന്റൊനെല്ലയും പരസ്യമായി രംഗത്തെത്തിയതോടെ ഗോസിപ്പുകളുടെ കാറ്റുപോയിരിക്കുകയാണ്.

Exit mobile version