ജഞ്ജർപുർ : കാമുകനുമായുള്ള പ്രണയബന്ധത്തിന് തടസ്സമാകുമെന്ന പേടിയിൽ മക്കളെ കൊലപ്പെടുത്തിയ അമ്മയ്ക്കും കൂട്ടുപ്രതിയായ കാമുകനും വധശിക്ഷ വിധിച്ച് ബിഹാറിലെ ജഞ്ജർപുർ കോടതി. മധുബനി സ്വദേശിയായ അനീത ദേവി, കാമുകൻ ജയ് പ്രകാശ് മണ്ഡൽ എന്നിവർക്കാണ് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി അഭിഷേക് രഞ്ജൻ വധശിക്ഷ വിധിച്ചത്.
2023 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധുബനി ജില്ലയിലെ നർഹി ഗ്രാമവാസിയായ പ്രമോദ് കുമാർ സഫിയുടെ ഭാര്യയായ അനീത മക്കളായ പ്രിൻസ് കുമാറിനെയും(4) സൃഷ്ടി കുമാരിയെയും(18 മാസം) കൂട്ടി സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങി. വഴിമധ്യേ കാമുകനെ വിളിച്ചുവരുത്തി.
തുടർന്ന് ഇരുവരും ചേർന്ന് കുട്ടികളെ ബാലൻ നദിക്കരയിൽ എത്തിച്ചു. അവിടെ വെച്ച് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി നദിയിലെറിയുകയായിരുന്നു.
നദിക്കരയിൽ ഇവരുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പ്രിൻസിന്റെ മൃതദേഹം പിറ്റേദിവസം കണ്ടെടുത്തു. എന്നാൽ പെൺകുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്താനായില്ല. തങ്ങളുടെ പ്രണയബന്ധത്തിന് കുട്ടികൾ തടസ്സമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് അനീത പോലീസിന് മൊഴി നൽകി. 2023 ജൂലൈ 11 മുതൽ രണ്ട് പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മക്കളുടെ സംരക്ഷകയാകേണ്ട അമ്മ തന്നെ കൊലപാതകത്തിന് കൂട്ടുനിന്നത് അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് ‘അപൂർവങ്ങളിൽ അപൂർവമായ’ കേസാണെന്നും കോടതി പറഞ്ഞു. ഐപിസി സെക്ഷൻ 302 പ്രകാരം വധശിക്ഷയും 50,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. കൂടാതെ, തെളിവ് നശിപ്പിച്ചതിന് ഇരുവരും ഏഴ് വർഷം കഠിനതടവും 10,000 രൂപ വീതം പിഴയും നൽകണം.
നീതി ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും ശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്നും കുട്ടികളുടെ പിതാവ് പ്രമോദ് കുമാർ സഫി പറഞ്ഞു. പ്രതികളെ നിലവിൽ ജഞ്ജർപുർ സബ് ജയിലിൽനിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
