Site icon Fourteen Kerala – 14 Kerala News

പാലോളിപ്പാലം-മൂരാട് റീച്ച്: പണിതീർന്നിട്ടും തീരാതെ മണ്ണിടിച്ചിൽ

വടകര : ആറുവരിപ്പാത നിർമാണം പൂർത്തിയായ പാലോളിപ്പാലം-മൂരാട് റീച്ചിൽ മണ്ണിടിച്ചിൽ ഭീഷണി തുടരുന്നു. പാർശ്വഭിത്തിസംരക്ഷണം റോഡ് നവീകരണത്തിൽപ്പെട്ടതാണെങ്കിലും മൂരാടിൽ ഇതു പൂർത്തിയാക്കാതെയാണ് കരാർക്കമ്പനി മടങ്ങിയത്.

സോയിൽ നെയിലിങ് ഭിത്തി നിർമിച്ച ഭാഗമാകട്ടെ തുടർച്ചയായി ഇടിയുന്നു. അരവിന്ദ് ഘോഷ് റോഡിനുസമീപം ഈ മഴക്കാലം തുടങ്ങിയശേഷം രണ്ടുതവണയാണ് മണ്ണിടിഞ്ഞത്.
ഒരുവീട് ഇവിടെ അപകടഭീഷണിയിലാണ്. ഇവിടെനിന്ന്‌ 75 മീറ്റർ അകലെ സോയിൽ നെയിലിങ് നടത്തിയ ഭാഗം ഇരുമ്പുവല ഉൾപ്പെടെ ബുധനാഴ്ച ഇടിഞ്ഞുവീണു.

മൂരാട് പാലത്തിനുസമീപം ഏറ്റവും ഉയരമുള്ള ഭാഗത്തെ ഇടിച്ചിൽഭീഷണി തുടരുകയാണ്. വലിയഭാഗം ഇവിടെ അടർന്നുനിൽക്കുന്നുണ്ട്. ഇതുമൂലം ഇവിടെ മൂന്നുവരിപ്പാതയുടെ രണ്ടുവരിയിലും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇവിടെയെത്തിയാൽ വാഹനങ്ങൾ ഒരുവരിയിൽ പോകണം. ഇതുയർത്തുന്ന അപകടഭീഷണിയും ചെറുതല്ല.

രണ്ടുവർഷംമുൻപേ ഇവിടെ വലിയ മണ്ണിടിച്ചിലുണ്ടായിരുന്നു. സോയിൽ നെയിലിങ് പ്രവൃത്തി നടക്കുമ്പോഴായിരുന്നു സംഭവം. മുകളിലുള്ള വൈദ്യുതത്തൂൺവരെ താഴേക്ക് പതിച്ചു. ഇതിനുശേഷം സ്ഥലം സന്ദർശിച്ച ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെല്ലാം പറഞ്ഞത് ഇവിടെ സുരക്ഷിതഭിത്തി നിർമിക്കുമെന്നാണ്. ഇടിഞ്ഞഭാഗം ഇപ്പോഴും അതേപടി കിടക്കുകയാണ്.

Exit mobile version