Site icon Fourteen Kerala – 14 Kerala News

നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ഞക്കുപ്പായത്തിലേക്ക്; 981 ദിവസത്തിനുശേഷം വികാരാധീനമായ തിരിച്ചുവരവ്

മിയാമി: പരിക്കിനെത്തുടർന്ന് നീണ്ട 981 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും ദേശീയ ടീമിൽ. ലോകകപ്പ് ലക്ഷ്യമിട്ടുള്ള ബ്രസീലിന്റെ കുതിപ്പിൽ, സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ നെയ്മർ ആരാധകർക്ക് ആവേശമായി. മൂന്ന് ഗോളിന്റെ മിന്നുന്ന വിജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്.

ഏറെ നാളത്തെ പരിക്കുകളും കടുത്ത വിമർശനങ്ങളും മറികടന്ന് മൈതാനത്തെത്തിയ നെയ്മർക്ക് കാണികളിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. 76-ാം മിനിറ്റിൽ മാത്യുസ് കുഞ്ഞയ്ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ താരം, താൻ ഇപ്പോഴും ഫോമിലാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് നടത്തിയത്.
കളത്തിലിറങ്ങി മിനിറ്റുകൾക്കുള്ളിൽ വിനീഷ്യസ് ജൂനിയറുമായി ചേർന്ന് മികച്ച നീക്കങ്ങൾ മെനയാനും നെയ്മറിന് സാധിച്ചു. ബ്രസീലിയൻ മുന്നേറ്റത്തിന് മുന്നിൽ സ്‌കോട്ട്‌ലൻഡ് തുടക്കം മുതൽ സമ്മർദ്ദത്തിലായിരുന്നു.

ആദ്യ പകുതിയിൽ വിനീഷ്യസ് ജൂനിയർ നേടിയ ഇരട്ട ഗോളുകൾ ബ്രസീലിനെ മുന്നിലെത്തിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ബ്രൂണോ ഗ്വിമാറസിന്റെ അസിസ്റ്റിൽ മാത്യുസ് കുഞ്ഞ കൂടി സ്കോർ ചെയ്തതോടെ ബ്രസീൽ ജയം ഉറപ്പിച്ചു. ഗോൾകീപ്പർ അലിസണും പ്രതിരോധനിരയും ചേർന്നതോടെ സ്‌കോട്ട്‌ലൻഡിന്റെ നീക്കങ്ങൾ വിഫലമായി.ആറാം ലോകകപ്പ് കിരീടം സ്വപ്നം കാണുന്ന ബ്രസീലിന് നെയ്മറിന്റെ ഈ മടങ്ങിവരവ് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Exit mobile version